ദേശാടനക്കിളികളുടെ സുരക്ഷിത താവളമായി അബൂദബി -പ്രതിവർഷം എത്തുന്നത് 20 ലക്ഷത്തോളം ദേശാടനക്കിളികൾ
text_fieldsഅബൂദബി: ഓരോവര്‍ഷവും ദശലക്ഷക്കണക്കിന് ദേശാടനക്കിളികള്‍ക്ക് അബൂദബി സുരക്ഷിത താവളമാവുന്നുണ്ടെന്ന് അബൂദബി പരിസ്ഥിതി ഏജന്‍സി. പ്രതിവര്‍ഷം ഏകദേശം 20 ലക്ഷത്തോളം ദേശാടനകിളികളാണ് അബൂദബിയുടെ തണ്ണീര്‍ത്തടങ്ങളിലും മരുഭൂമികളിലുമായി എത്തുന്നത്. പ്രത്യേകിച്ചും വേനല്‍ക്കാലങ്ങളില്‍ ഭക്ഷണം തേടിയും അഭയം തേടിയും വിശ്രമിക്കാനുമായാണ് ഇവ എത്തുന്നതെന്നും ഏജന്‍സി അറിയിച്ചു. ഗ്രേറ്റര്‍ ഫ്‌ളമിംഗോ, വിവിധ ഇനം ഫാല്‍കണുകള്‍ തുടങ്ങി ആവാസ വ്യവസ്ഥയ്ക്ക് ഒഴിച്ചുകൂടാനാവാത്ത നിരവധി ജീവിവര്‍ഗങ്ങള്‍ പ്രജനകേന്ദ്രമായി കണ്ടാണ് അബൂദബിയില്‍ വരുന്നത്.
പക്ഷികളുടെ കുടിയേറ്റ പാതകളിലെ സുരക്ഷിതമായ താവളമെന്ന നിലയില്‍ അബൂദബിയുടെ പ്രശസ്തി ഊട്ടിയുറപ്പിക്കുന്നതിന് പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളില്‍ ദേശാടന പക്ഷികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിന് സൂക്ഷ്മ നിരീക്ഷണം നടത്തിവരികയാണെന്ന് അബൂദബി പരിസ്ഥിതി ഏജന്‍സി അറിയിച്ചു. അടുത്തിടെയായി അപൂര്‍വ പക്ഷികളുടെ സാന്നിധ്യവും മേഖലയില്‍ കണ്ടെത്തിയിട്ടുണ്ട്.
കാട്ടുപക്ഷികളുടെ പ്രജനനം പരാജയപ്പെടുന്നതിന് കാരണാവുന്ന മുട്ടകള്‍ ശേഖരിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് പൊതുജനങ്ങളോട് ഏജന്‍സി അഭ്യര്‍ഥിച്ചു. ഇത്തരം നിയമലംഘനങ്ങള്‍ കണ്ടാല്‍ അബൂദബി സര്‍ക്കാരിന്‍റെ ടോള്‍ ഫ്രീ നമ്പരായ 800555ല്‍ വിളിച്ചറിയിക്കണം.
അബൂദബിയുടെ സംരക്ഷിത മേഖലകളില്‍ 426 ദേശാടന പക്ഷി ഇനങ്ങള്‍ ഉണ്ടെന്നാണ് അബൂദബി പരിസ്ഥിതി ഏജന്‍സിയുടെ കണ്ടെത്തല്‍. അല്‍ വത്ബ വെറ്റ് ലാന്‍ഡ് റിസര്‍വില്‍ മാത്രമായി 260ഓളം ഇനം ദേശാടന പക്ഷികളെ കണ്ടെത്തുകയുണ്ടായി. അറേബ്യന്‍ ഗള്‍ഫില്‍ ഗ്രേറ്റര്‍ ഫ്‌ളമിംഗോ പക്ഷിയെ സ്ഥിരമായി കാണുന്ന ഒരേയൊരു കേന്ദ്രമാണ് ഇവിടം. സായിദ് പ്രൊട്ടക്ടഡ് ഏരിയാസ് നെറ്റ് വര്‍ക്കില്‍ 175ഓളം പക്ഷി ഇനങ്ങളെയാണ് സംരക്ഷിക്കുന്നത്. ഇവയില്‍ 11 ശതമാനവും അബൂദബി വംശനാശ ഭീഷണി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പക്ഷികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

