അബൂദബി ബീച്ച് ഭിന്നശേഷി സൗഹൃദം
text_fieldsഅബൂദബി: കാഴ്ചശക്തിയില്ലാത്തവര്‍ക്കും കടലിന്റെ ഭംഗി നുകരാന്‍ ബീച്ചില്‍ പ്രത്യേക സൗകര്യമൊരുക്കി അബൂദബി. സായിദ് ഹയര്‍ ഓര്ഗനൈസേഷന് ഫോര്‍ പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷനുമായി സഹകരിച്ച് അബൂദബി സിറ്റി മുനിസിപാലിറ്റിയാണ് കോര്‍ണിഷിലെ ഗേറ്റ് 3ന് സമീപം 100 ചതുരശ്ര മീറ്റര്‍ ബീച്ച് സജ്ജീകരിച്ചിരിക്കുന്നത്. കാഴ്ചശക്തിയില്ലാത്തവര്‍ക്കായി സുരക്ഷിതവും ആസ്വാദ്യകരവുമായ പരിസ്ഥിതിയാണ് ബീച്ചില്‍ ഒരുക്കി നല്‍കിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
നീന്തുന്നതിനും വിനോദത്തിലേര്പ്പെടുന്നതിനുമുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. ബീച്ചിലേക്ക് സൗജന്യ വാഹന സൗകര്യം, കാഴ്ച ശക്തിയില്ലാത്തവര്‍ക്ക് വഴി തിരിച്ചറിയാന്‍ കഴിയുന്ന രീതിയിലുള്ള തറയോടുകള്‍, നീന്തല്‍ മേഖലയുടെ ഉപയോഗം വിവരിച്ചിരിക്കുന്ന ബ്രെയ്ലി ബോര്‍ഡ്, നീന്തല്‍ മേഖല വേര്‍തിരിക്കുന്ന വടങ്ങള്‍, നീന്തല്‍ മേഖലയുടെ ആരംഭവും അവസാനവും തിരിച്ചറിയുന്നതിനായി ബെല്ലുകള്‍ മുതലായവയും ഒരുക്കിയിട്ടുണ്ട്.
സുരക്ഷ ഉറപ്പാക്കുന്നതിനായി പരിശീലനം സിദ്ധിച്ച ലൈഫ് ഗാര്‍ഡുകളുടെ സേവനവും ലഭ്യമാണ്. ഇതിനു പുറമേ സമഗ്രമായ വിവരങ്ങള്‍ അടങ്ങിയ ബ്രെയ്ലി സര്‍വീസ് ഗൈഡും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാരെയും പ്രായമുള്ളവരെയും കൂടി ഉള്‍ക്കൊള്ളുന്ന വിധമാണ് ശൗചാലയം അടക്കമുള്ള ഇവിടുത്തെ സൗകര്യങ്ങളുടെ നിര്‍മിതി.
പൊങ്ങിക്കിടക്കുന്ന വീല്‍ചെയറുകളും ലഭ്യമാണ്. സൗജന്യ കുടിവെള്ള സ്റ്റേഷനുകള്‍, ഭിന്നശേഷിക്കാര്‍ക്കായും പ്രായമായവര്ക്കായും സൗജന്യ ഗതാഗത സേവനങ്ങള്‍, പ്രത്യേക പാര്‍ക്കിങ് സൗകര്യവും ഇവിടെയുണ്ട്. എല്ലാ ദിവസവും രാവിലെ ആറു മുതല്‍ അര്‍ധരാത്രിവരെ ബീച്ചില്‍ പ്രവേശനം അനുവദനീയമാണ്. അതേസമയം നീന്തുന്നതിനുള്ള സമയം പുലര്‍ച്ചെ ആറുമുതല്‍ സൂര്യാസ്തമയം വരെ പരിമിതപ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ അടിയന്തര വൈദ്യസഹായത്തിനായി അംഗീകൃത നഴ്സിന്റെ സേവനവും ഇവിടെയുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

