മുസഫയിലെ ഗതാഗതക്കുരുക്കിന് പരിഹാരം; 13 കിലോമീറ്റർ റോഡ് വികസനം
text_fieldsഅബൂദബി: എമിറേറ്റിലെ പ്രധാന വ്യാവസായിക-വാണിജ്യ കേന്ദ്രമായ മുസഫയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി 13 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പ്രധാന റോഡുകളുടെ വികസന പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി പുതിയ എക്‌സ്പ്രസ് വേ, രണ്ടു പുതിയ പാലങ്ങള്‍, ജങ്ഷനുകളുടെ പുനരുദ്ധാരണം എന്നിവ നടപ്പാക്കും. അബൂദബി നഗര, ഗതാഗത വകുപ്പാണ് (ഡി.എം.ടി) പദ്ധതി പ്രഖ്യാപിച്ചത്. ഇ30 റോഡ്, മുസഫയിലെ സ്ട്രീറ്റ് 8 എന്നിവ ഉള്‍പ്പെടുന്ന ഭാഗങ്ങളിലാണ് റോഡ് വികസനം നടക്കുക. ഇത് മുസഫ വ്യാവസായിക മേഖല, മുഹമ്മദ് ബിന്‍ സായിദ് സിറ്റി, സായിദ് സിറ്റി എന്നിവ തമ്മിലുള്ള ഗതാഗതബന്ധം കൂടുതല്‍ എളുപ്പമാക്കും.
സ്ട്രീറ്റ് 8ല്‍ ഇരുവശങ്ങളിലേക്കും മൂന്ന് വരികള്‍ വീതമുള്ള പുതിയ എക്‌സ്പ്രസ് വേ നിര്‍മിക്കുന്നതാണ് പദ്ധതിയുടെ പ്രധാന ആകര്‍ഷണം. ഇതിനുപുറമെ, പ്രധാന പാതയിലെ ഗതാഗതത്തെ ബാധിക്കാതെ വ്യാപാര സ്ഥാപനങ്ങള്‍, ബിസിനസ് കേന്ദ്രങ്ങള്‍, മറ്റ് സൗകര്യങ്ങള്‍ എന്നിവയിലേക്ക് വാഹനങ്ങള്‍ക്ക് എളുപ്പത്തില്‍ പ്രവേശിക്കാന്‍ റോഡിശന്‍റ ഇരുവശങ്ങളിലും മൂന്ന് വരികള്‍ വീതമുള്ള അനുബന്ധ പാതകളും ഒരുക്കും. മണിക്കൂറില്‍ 4,000 വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് ഈ പുതിയ പാത. പ്രാദേശിക ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്ന വാഹനങ്ങളെയും ദീര്‍ഘദൂര യാത്രക്കാരെയും വേര്‍തിരിച്ച് ഗതാഗതം സുഗമമാക്കാന്‍ ഇത് സഹായിക്കും.
ഇ30 റോഡിലെ നാല് ജങ്ഷനുകള്‍, സ്ട്രീറ്റ് 8, ഇ20 റോഡ് എന്നിവയുമായി ബന്ധിക്കാനുള്ള റോഡുകളുടെ നവീകരണമാണ് പ്രധാനം. ഒപ്പം, ഒമ്പത് പ്രധാന കവലകളില്‍ മാറ്റങ്ങള്‍ വരുത്തും. മുസഫയെയും മുഹമ്മദ് ബിന്‍ സായിദ് സിറ്റിയെയും ബന്ധിപ്പിച്ച് രണ്ട് പുതിയ പാലങ്ങളും കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും പ്രവേശനം എളുപ്പമാക്കാനും നടപ്പാലവും നിര്‍മിക്കും. ദിവസേന ജോലി ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്ന താമസക്കാര്‍ക്കും ചരക്ക് നീക്കം നടത്തുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്കും ഉപകാരപ്പെടുന്ന രീതിയിലാണ് പദ്ധതി തയാറാക്കിയിരിക്കുന്നതെന്ന് ഡി.എം.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്‍റ് ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ ഈസ മുബാറക് അല്‍ മസ്‌റൂയി വ്യക്തമാക്കി.
അബൂദബിയിലെ പാര്‍പ്പിട, വാണിജ്യ, വ്യാവസായിക മേഖലകളെ ബന്ധിപ്പിക്കുന്ന ഗതാഗത പദ്ധതികളുടെ ഭാഗമായാണ് ഇത് നടപ്പാാക്കുന്നത്. അബൂദബി നഗരത്തിന്‍റെ കിഴക്കുഭാഗത്തെ മുസഫയുമായി ബന്ധിപ്പിക്കുന്ന തരത്തില്‍ ഖോര്‍ അല്‍ മഖ്തക്കും ഹുദൈരിയാത്ത് ഐലന്‍ഡ് ചാനലിനും അടിയിലൂടെ രണ്ട് അടിപ്പാതകള്‍ ഉള്‍പ്പെടുന്ന റോഡ് പദ്ധതിയും നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

