തനിച്ച് യാത്രക്ക് അബൂദബിയും ദുബൈയും ഏറ്റവും സുരക്ഷിതം
text_fieldsട്രാവൽബാഗിന്റെ പുതിയ ആഗോള പഠനമനുസരിച്ചാണ് നേട്ടം
ദുബൈ: ഒറ്റക്ക് യാത്ര ചെയ്യുന്നതിന് ഏറ്റവും സുരക്ഷിതമായ നഗരങ്ങളായി അബൂദബിയും ദുബൈയും തെരഞ്ഞെടുക്കപ്പെട്ടു. ദീർഘയാത്രാ മേഖലയിലെ ആഗോള വിദഗ്ദരായ ‘ട്രാവൽ ബാഗാ’ണ് പുതിയ പഠനത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. നൂംബിയോ ക്രൈം ഇൻഡക്സ് രാത്രിയിലെയും പകലിലെയും സുരക്ഷവിശകലനം ചെയ്താണ് പട്ടിക തയ്യാറാക്കിയത്.
36 അന്താരാഷ്ട്ര കേന്ദ്രങ്ങളെയാണ് പഠനത്തിന് വിധേയമാക്കിയത്. സുരക്ഷക്കൊപ്പം താമസചിലവ്, ഗതാഗത നിരക്ക്, യാത്രക്കാർക്കുള്ള സ്വീകാര്യത എന്നിവ കൂടി പരിഗണിച്ചാണ് പട്ടിക രൂപപ്പെടുത്തിയത്. പട്ടികയിൽ അബൂദബിയാണ് ഒന്നാം സ്ഥാനത്തുള്ളത്. തൊട്ടുപിറകിലായി രണ്ടാമത് ദുബൈയും സ്ഥാനം പിടിച്ചു. ഇതുവഴി യു.എ.ഇയിലെ രണ്ട് പ്രധാന പട്ടണങ്ങൾ ലോകത്തെ തനിച്ച് യാത്ര ചെയ്യുന്നവർക്ക് ഏറ്റവും സുരക്ഷിതമായ നഗരങ്ങളായി മാറി. അബൂദബിക്ക് സുരക്ഷയിൽ പകൽ 92മാർക്കും രാത്രിയിൽ 87മാർക്കുമാണുള്ളത്. അതോടൊപ്പം ശാന്തമായ അന്തരീക്ഷവും ശക്തമായ സുരക്ഷാ സാന്നിധ്യവും രാത്രി വൈകിയുമുള്ള സുരക്ഷിതത്വവും ഒന്നാം സ്ഥാനത്തിന് സഹായകരമായി. ദുബൈക്ക് പകൽ സമയത്തെ സുരക്ഷയിൽ 91മാർക്കും രാത്രിയിൽ 83 മാർക്കുമാണുള്ളത്. കുറ്റകൃത്യങ്ങളുടെ കുറവ്, 24മണിക്കൂറും നിലനിൽക്കുന്ന സജീവത, മികച്ച രീതിയിൽ പരിപാലിക്കുന്ന പൊതുയിടങ്ങൾ എന്നിവയും ദുബൈയുടെ പ്രത്യേകതകളാണ്. തനിച്ച് യാത്ര ചെയ്യുന്നവർക്ക് ദുബൈ മറീന, രാത്രി ബീച്ചുകൾ, ഷോപ്പിങ് കേന്ദ്രങ്ങൾ എന്നിവ വളരെ ആത്മവിശ്വാസത്തോടെ സന്ദർശിക്കാനുംകെഴിയുന്നത് പ്രത്യേകതകളാണ്.
തായ്ലൻഡിലെ ചിയാങ് മൈ എന്ന നഗരമാണ് പട്ടികയിൽ മൂന്നാമതുള്ളത്. ഒമാനിലെ മസ്കത്ത് നാലാമതും, ന്യൂസീലാൻഡിലെ ക്വീൻസ് ടൗൺ അഞ്ചാം സ്ഥാനത്തും ഇടംപിടിച്ചു. ഒറ്റക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പഠനം പുറത്തുവരുന്നത്. ജെൻ സീ, മില്ലേനിയൽ തലമുറകളിലെ 76 ശതമാനം പേരും ഈ വർഷം ഒറ്റക്ക് യാത്ര ചെയ്യാൻ പദ്ധതിയിടുന്നതായാണ് വിലയിരുത്തപ്പെടുന്നത്. ഒറ്റക്ക് യാത്ര ചെയ്യുന്നവരുടെ പ്രധാന ആശങ്ക സുരക്ഷയാണ്. അതിനുശേഷം താങ്ങാനാവുന്ന വില, ചുറ്റി സഞ്ചരിക്കാനുള്ള എളുപ്പം, ഒരു ലക്ഷ്യസ്ഥാനം എത്രമാത്രം സ്വാഗതാർഹമാണെന്ന് തോന്നിപ്പിക്കുക എന്നിവയാണ് പ്രധാന ഘടകങ്ങൾ.
സുരക്ഷയുടെ കാര്യത്തിൽ യു.എ.ഇ ആധിപത്യം പുലർത്തിയപ്പോൾ, 2025ൽ വിയറ്റ്നാമിലെ ഹനോയ് ആണ് സോളോ യാത്രക്കാർക്ക് ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത്. പകൽസമയ സുരക്ഷ, കുറഞ്ഞ യാത്രാ ചെലവ്, സൗഹൃദ അന്തരീക്ഷം എന്നിവയിൽ വിയറ്റ്നാമീസ് തലസ്ഥാനം ഉയർന്ന സ്കോർ നേടി.
സുരക്ഷ, താങ്ങാനാവുന്ന വില, സാഹസികത എന്നിവ കാരണാമായി തെക്കുകിഴക്കൻ ഏഷ്യയാണ് സോളോ യാത്രക്കാർക്ക് ഏറ്റവും മികച്ച മേഖലയായി മാറിയിട്ടുള്ളത്.
ഏഷ്യയിലെ ഏറ്റവും സുരക്ഷിതമായ സോളോ ഡെസ്റ്റിനേഷനായി തായ്ലൻഡിലെ ചിയാങ് മായ് വേറിട്ടു നിൽക്കുന്നു. അതേസമയം കംബോഡിയയിലെ സീം റീപ്, മലേഷ്യയിലെ ക്വാലാലംപൂർ, തായ്ലൻഡിലെ ഫുക്കറ്റ് എന്നിവ അവയുടെ സംസ്കാരം, പ്രവേശനക്ഷമത, സാമൂഹിക യാത്രാ രംഗം എന്നിവയാൽ ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

