അബൂദബിയില്‍ തടവുശിക്ഷക്ക് പകരം ബദല്‍ ശിക്ഷ നടപടികളില്‍ വന്‍ വര്‍ധന
text_fieldsഅബൂദബി: അബൂദബിയില്‍ ചെറുകിട കുറ്റകൃത്യങ്ങള്‍ക്കും ലഘുവായ നിയമലംഘനങ്ങള്‍ക്കും തടവുശിക്ഷ നല്‍കുന്നതിന് പകരം ബദല്‍ ശിക്ഷാ നടപടികളും പുനരധിവാസ മാര്‍ഗങ്ങളും നടപ്പാക്കുന്നതില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയതായി അബൂദബി ജുഡീഷ്യല്‍ ഡിപാർട്മെന്റ് (എ.ഡി.ജെ.ഡി ) വ്യക്തമാക്കി. കുറ്റവാളികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരാനും അവരില്‍ സാമൂഹിക ഉത്തരവാദിത്തബോധം വളര്‍ത്താനും ലക്ഷ്യമിട്ടുള്ള പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് നടപടി.
2023 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ഇലക്ട്രോണിക് നിരീക്ഷണ ഉത്തരവുകളില്‍ ശരാശരി 170 ശതമാനവും സാമൂഹിക സേവന നടപടികളില്‍ ശരാശരി 83.5 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് മന്ത്രിയും അബൂദബി ജുഡീഷ്യല്‍ ഡിപാർട്മെന്റ് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇത്തരം നീതിന്യായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതെന്ന് അബൂദബി ജുഡീഷ്യല്‍ ഡിപാർട്മെന്റ് അണ്ടര്‍സെക്രട്ടറി കൗണ്‍സിലര്‍ യൂസുഫ് സഈദ് അല്‍ അബ്റി വ്യക്തമാക്കി.
അണ്ടര്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിപാർട്മെന്റിന്റെ കറക്ഷനല്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ പോളിസീസ് കമ്മിറ്റി യോഗത്തിലാണ് ഈ പ്രകടന സൂചികകള്‍ അവലോകനം ചെയ്തത്. ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് ജയില്‍വാസത്തിന് പകരം സാമൂഹിക സേവനം നിര്‍ബന്ധമാക്കുന്ന നടപടികള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കുറ്റവാളികളുടെ നീക്കങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്ന ഇലക്ട്രോണിക് മോണിറ്ററിങ് സംവിധാനം വഴി നീതിന്യായ വ്യവസ്ഥയെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് യോഗം വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

