നീതിന്യായ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് അബൂദബി; കോടതി നടപടികള്‍ക്ക് ലോകത്താദ്യമായി സമഗ്ര എ.ഐ പ്ലാറ്റ്ഫോം
text_fieldsഅബൂദബി: നീതിന്യായ സംവിധാനം കൂടുതല്‍ വേഗമേറിയതും കാര്യക്ഷമവുമാക്കാന്‍ പൂര്‍ണതോതിലുള്ള നിര്‍മിത ബുദ്ധി (എ.ഐ) അധിഷ്ഠിത പ്ലാറ്റ്ഫോമുമായി അബൂദബി ജുഡീഷ്യല്‍ ഡിപാര്‍ട്ട്മെന്റ്. കോടതി ഭരണനിര്‍വഹണത്തിലും വിചാരണ നടപടികളിലും എ.ഐ സാങ്കേതികവിദ്യ പൂര്‍ണമായും സംയോജിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ ജുഡീഷ്യല്‍ പ്ലാറ്റ്ഫോമാണിത്. കേസ് ഫയലുകളുടെ വിശകലനം, നിയമ ഗവേഷണം, മുന്‍കാല വിധിന്യായങ്ങളുടെ പരിശോധന, കോടതി രേഖകളുടെ തയാറാക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഈ സംവിധാനം നിര്‍ണായക പങ്കുവഹിക്കും.
കൂടുതല്‍ കാര്യക്ഷമവും വേഗത്തിലുള്ളതുമായ നീതിന്യായ വ്യവസ്ഥയിലേക്കുള്ള പാതയാണ് നൂതന സാങ്കേതികവിദ്യകളെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന് വ്യക്തമാക്കി.
പുതിയ സാങ്കേതികവിദ്യ വരുന്നതോടെ കൂറ്റന്‍ കേസ് ഫയലുകളും നിയമരേഖകളും വേഗത്തില്‍ അപഗ്രഥിക്കാന്‍ ജുഡീഷ്യല്‍ ടീമുകള്‍ക്ക് സാധിക്കും. യു.എ.ഇയിലെ നിയമങ്ങള്‍, നിയന്ത്രണങ്ങള്‍, പ്രസക്തമായ മുന്‍കാല കോടതിവിധികള്‍ എന്നിവ പ്ലാറ്റ്ഫോം വഴി നേരിട്ട് ലഭ്യമാകും. കേസ് അവലോകന റിപ്പോര്‍ട്ടുകള്‍ തയാറാക്കല്‍, ലീഗല്‍ മെമ്മോറാണ്ടം പകര്‍പ്പുകള്‍ തയാറാക്കല്‍ തുടങ്ങിയവക്ക് മുമ്പ് വിവിധ ആപ്ലിക്കേഷനുകളെ ആശ്രയിച്ചിരുന്ന സ്ഥാനത്ത്, ഇനി ഇവയെല്ലാം ഒരൊറ്റ പ്ലാറ്റ്ഫോമില്‍ തന്നെ സാധ്യമാകും. ഇത് വിചാരണക്കാലയളവ് ഗണ്യമായി കുറക്കാനും കോടതി നടപടികളില്‍ പൂര്‍ണമായ ഏകീകരണം ഉറപ്പാക്കാനും സഹായിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
അതേസമയം, കേസുകളില്‍ അന്തിമവിധിയും തീര്‍പ്പും കല്‍പ്പിക്കാനുള്ള പൂര്‍ണമായ അധികാരം ന്യായാധിപര്‍ക്ക് തന്നെയായിരിക്കും. തെളിവുകള്‍ വിലയിരുത്തല്‍, നിയമ വ്യാഖ്യാനം നടത്തല്‍, അന്തിമ വിധി പ്രസ്താവിക്കല്‍ എന്നിവയില്‍ ജഡ്ജിമാരുടെ മേല്‍നോട്ടം അതേപടി തുടരും. വിധികള്‍ കൈക്കൊള്ളുന്നതില്‍ ന്യായാധിപര്‍ക്ക് പിന്തുണ നല്‍കുന്ന നിര്‍ണായക സഹായ സംവിധാനമായി മാത്രമായിരിക്കും എ.ഐ. പ്രവര്‍ത്തിക്കുക. ഡിജിറ്റല്‍ കോടതി നെറ്റ് വര്‍ക്കുകളുമായും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളുമായും ബന്ധിപ്പിച്ചാണ് പ്ലാറ്റ്ഫോം പ്രവര്‍ത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

