സ്റ്റൈലൻ ലുക്കിൽ അബ്ര സ്റ്റേഷനുകൾ
text_fieldsനവീകരിച്ച അബ്ര സ്റ്റേഷനുകളിലൊന്ന്
ദുബൈ: നഗരത്തിലെ പരമ്പരാഗതമായ നാല് അബ്ര സ്റ്റേഷനുകളുടെ നവീകരണം പൂർത്തിയായതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ദുബൈ ക്രീക്കിന് സമീപത്തെ സ്റ്റേഷനുകളാണ് അറ്റകുറ്റപ്പണികൾ നടത്തി പുതുമോടി കൈവരിച്ചത്.
ദുബൈ നഗരത്തിൽ ദേരക്കും ബർദുബൈക്കുമിടയിൽ ക്രീക്കിലൂടെ യാത്രക്കാരെ കൊണ്ടുപോകുന്ന പരമ്പരാഗത കടത്ത് ബോട്ട് സർവിസാണ് അബ്രകൾ. ബർദുബൈ മോഡൽ സ്റ്റേഷൻ, ദേര ഓൾഡ് സൂഖ് സ്റ്റേഷൻ, ദുബൈ ഓൾഡ് സൂഖ് സ്റ്റേഷൻ, സബ്ഖ സ്റ്റേഷൻ എന്നിവയാണ് നവീകരിച്ചത്.
ഇതിൽ ബർദുബൈ സ്റ്റേഷന്റെ ശേഷി 33 ശതമാനം വർധിപ്പിച്ചു. ഈ സ്റ്റേഷന്റെ ചരിത്രപരവും സാംസ്കാരികവുമായ അടയാളങ്ങൾ നിലനിർത്തിയാണ് നവീകരണ ജോലികൾ പൂർത്തിയാക്കിയത്. ഒപ്പം ഭിന്നശേഷിക്കാരുടെ സൗകര്യത്തിനായി ദുബൈ യൂനിവേഴ്സൽ ഡിസൈൻ കോഡ്സും നിർമാണത്തിൽ പാലിച്ചിട്ടുണ്ട്.
സ്റ്റേഷനുകളുടെ സുരക്ഷ നിരീക്ഷണ സംവിധാനങ്ങളും മെച്ചപ്പെടുത്തി. പ്രതിവർഷം ലക്ഷക്കണക്കിന് യാത്രക്കാർ ഉപയോഗിക്കുന്ന അബ്ര സേവനം കൂടുതൽ സൗകര്യപ്രദമാക്കാൻ ലക്ഷ്യമിട്ടാണ് സ്റ്റേഷനുകൾ നവീകരിച്ചതെന്ന് ദുബൈ ആർ.ടി.എ ചെയർമാൻ മതാർ അൽതായർ പറഞ്ഞു.
പ്രതിവർഷം 140 ലക്ഷം യാത്രക്കാർ പരമ്പരാഗത അബ്രകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ദുബൈ വാട്ടർ കനാലും ക്രീക്കും സമുദ്രതീരം വഴി ബന്ധിപ്പിച്ചതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടൽമാർഗം സഞ്ചരിക്കുന്നവരുടെ എണ്ണം വർധിച്ചുവെന്നാണ് ആർ.ടി.എ ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

