അജ്മാനില്‍ അബ്ര സർവിസിന് പ്രിയമേറി
text_fieldsഅജ്മാനിലെ അബ്ര സർവിസ്
അജ്മാന്: കഴിഞ്ഞ വർഷം അജ്മാനില്‍ ജലഗതാഗത മാർഗമായ അബ്രകൾ നടത്തിയത് 6,787 യാത്രകൾ. അജ്മാൻ ഗതാഗത അതോറിറ്റിയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
ഇതുപ്രകാരം കഴിഞ്ഞ വർഷം അബ്ര സേവനം പ്രയോജനപ്പെടുത്തിയ യാത്രക്കാരുടെ എണ്ണം 57,417 യാത്രക്കാരിലെത്തി. സമുദ്രഗതാഗത സേവനമായ അബ്രയുടെ പൈതൃക സ്വഭാവം കടലുമായി ബന്ധപ്പെട്ട യു.എ.ഇയുടെ പുരാതന ചരിത്രത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് അതോറിറ്റിയിലെ പൊതുഗതാഗത, ലൈസൻസിങ് ഏജൻസിയുടെ എക്സിക്യൂട്ടിവ് ഡയറക്ടർ എൻജിനീയർ സാമി അലി അൽ ജല്ലാഫ് വ്യക്തമാക്കി.
അൽ സോറ സ്റ്റേഷൻ, അജ്മാനിലെ മത്സ്യമാർക്കറ്റിന് സമീപമുള്ള അൽ റാശിദിയ സ്റ്റേഷൻ, അജ്മാൻ ഫിഷർമെൻ അസോസിയേഷൻ കൗൺസിലിന് സമീപമുള്ള മുഷൈരിഫ് പ്രദേശത്തെ അൽ സഫിയ സ്റ്റേഷൻ, അജ്മാൻ കോർണിഷിന് സമീപമുള്ള മറീന സ്റ്റേഷൻ എന്നീ നാല് പ്രധാന സ്റ്റേഷനുകൾക്കിടയിലുള്ള യാത്ര സുഗമമാക്കുന്നതിനായി ആഴ്ച മുഴുവൻ ഒരു പ്രത്യേക ഷെഡ്യൂൾ അനുസരിച്ച് സമുദ്ര ഗതാഗത സേവനം പ്രവർത്തിക്കുന്നുണ്ടെന്ന് അൽ ജല്ലാഫ് ചൂണ്ടിക്കാട്ടി.
പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും സഹായിക്കുന്ന ഒരു വ്യതിരിക്തമായ അനുഭവം നൽകുകയെന്ന ലക്ഷ്യത്തോടെ അതോറിറ്റി സമുദ്ര ഗതാഗത സേവനങ്ങൾ വികസിപ്പിക്കുന്നത് തുടരുകയാണെന്നും അൽ ജല്ലാഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

