അബ്രയും 3ഡിയിൽ; പരീക്ഷണയോട്ടം തുടങ്ങി
text_fields3ഡി ഉപയോഗിച്ച് പ്രിന്റ് ചെയ്ത ലോകത്തെ ആദ്യ ഇലക്ട്രിക് അബ്ര ദുബൈ ക്രീക്കിൽ പരീക്ഷണയോട്ടത്തിൽ
ദുബൈ: അതിനൂതനമായ 3ഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രിന്റ് ചെയ്ത ലോകത്തെ ആദ്യത്തെ ഇലക്ട്രിക് അബ്രയുടെ പരീക്ഷണയോട്ടം ദുബൈയിൽ ആരംഭിച്ചു. ദുബൈ റോഡ് ഗതാഗത അതോറിറ്റിയാണ് (ആർ.ടി.എ) 20 യാത്രക്കാരെ വഹിക്കാവുന്ന അബ്ര പുറത്തിറക്കിയത്.
പരമ്പരാഗത അബ്രകളുടെ ശൈലിയിൽ തന്നെയാണ് ഇതിന്റെയും രൂപകൽപന നിർവഹിച്ചിട്ടുള്ളത്. ദുബൈയുടെ 3ഡി പ്രിന്റിങ് നയത്തിന് അനുസരിച്ചാണ് നവീന സംവിധാനം ജലഗതാഗതത്തിലും ഉപയോഗിച്ചിരിക്കുന്നത്. അബ്ര നിർമാണ സമയം 90 ശതമാനവും ചെലവ് 30 ശതമാനവും കുറക്കുന്നതാണ് പുതിയ രീതി. സമുദ്ര ഗതാഗത മേഖലയിൽ സുസ്ഥിര മാർഗങ്ങൾ ഉപയോഗിക്കാനുള്ള തീരുമാനത്തെയും പിന്തുണക്കുന്നതാണിത്.
സമുദ്രഗതാഗത സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ആർ.ടി.എയുടെ മാസ്റ്റർ പ്ലാൻ പ്രകാരമാണ് 3ഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച അബ്രകളുടെ പരീക്ഷണയോട്ടം ആരംഭിച്ചതെന്ന് ആർ.ടി.എ ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു. ഇത് നഗരത്തിലെ സുപ്രധാന ഗതാഗത മാർഗമായ സമുദ്ര ഗതാഗതത്തെ കൂടുതൽ മൂല്യവത്താക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുതായി രൂപപ്പെടുത്തിയ അബ്രകൾക്ക് നിരവധി സാങ്കേതികമായ മികവുകളുണ്ട്. 11 മീറ്റർ നീളവും 3.1 മീറ്റർ വീതിയുമുള്ള ഘടന ഇത്തരത്തിൽ 3ഡിയിൽ രൂപപ്പെടുത്തുന്ന ഏറ്റവും നീളമുള്ളതാണ്. രണ്ട് 10 കി.വാട്ട് മോട്ടോറുകളും ലിഥിയം ബാറ്ററികളും അടങ്ങുന്നതാണ് വൈദ്യുതി സംവിധാനം. ശൈഖ് സായിദ് റോഡ് മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷനിൽ നിന്ന് ടി.ആർ6 ലൈനിലാണ് പരീക്ഷണാടിസ്ഥാനത്തിൽ അബ്ര ഓടുന്നത്.
പരീക്ഷണ ഘട്ടത്തിൽ പുതിയ അബ്രയെ നിരീക്ഷിക്കുകയും പരമ്പരാഗത അബ്രകളുടെ പ്രവർത്തനവുമായി താരതമ്യവും ചെയ്യും. ഇതിനു ശേഷമായിരിക്കും സ്ഥിര സംവിധാനമാക്കി മാറ്റുന്നത്.അബൂദബിയിലെ അൽ സീർ മറൈൻ കമ്പനിയാണ് 3ഡി അബ്ര വികസിപ്പിച്ചത്. ജപ്പാനിലെ മിസ്തുബ്ഷി, ജർമനിയിലെ സീമൻസ്, ടുർകിദോ എന്നിവയുമായി സഹകരിച്ചാണ് നിർമാണം പൂർത്തിയാക്കിയിട്ടുള്ളത്.
ദുബൈയിലെ പരമ്പരാഗത അബ്ര സ്റ്റേഷനുകൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതികളും ആർ.ടി.എ നടപ്പാക്കിവരുന്നുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ബർദുബൈ സ്റ്റേഷനും ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ദേര ഓൾഡ്സൂഖ് സ്റ്റേഷന്റെയും നവീകരണം പൂർത്തിയാക്കിയിരുന്നു. ദുബൈ ഓൾഡ് സൂഖ് സ്റ്റേഷൻ, അൽ സബ്ഖ സ്റ്റേഷനുകളുടെ നവീകരണം അടുത്ത വർഷത്തോടെ പൂർത്തിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

