അബൂദബി: വ്യക്തികളുടെ രോഗ-ചികിത്സ വിവരങ്ങൾ രേഖപ്പെടുത്തുന്ന 'മെൽഫി' പ്ലാറ്റ്ഫോമുമായി അബൂദബിയിലെ 95 ശതമാനം ആശുപത്രികളും ബന്ധിപ്പിച്ചു.ഇലക്ട്രോണിക് മെഡിക്കൽ റെക്കോഡുകൾ ഉപയോഗിക്കുന്ന ആശുപത്രികളിലെ നൂതന ആരോഗ്യ വിവര വിനിമയ സംവിധാനമാണ് 'മെൽഫി'. വിവരങ്ങൾ കൈമാറുന്നതിനുള്ള ആരോഗ്യ വകുപ്പിെൻറ പ്രധാന പദ്ധതികളിലൊന്നാണിതെന്നും അബൂദബി ആരോഗ്യ വകുപ്പ് അധികൃതർ വെളിപ്പെടുത്തി.അബൂദബി എമിറേറ്റിലുടനീളമുള്ള 1,075 സർക്കാർ-സ്വകാര്യ ആതുരാലയങ്ങളെ മെൽഫിയുമായി ബന്ധിപ്പിച്ചു. ആശുപത്രികൾക്കിടയിൽ രോഗികളുടെ പ്രധാന ആരോഗ്യ ചികിത്സ വിവരങ്ങൾ കൈമാറുന്നതിനും രോഗികളുടെ ഡാറ്റാബേസ് സ്ഥാപിക്കുന്നതിനും ഇത് സഹായിക്കുന്നു. ഈ വർഷാവസാനം അബൂദബിയിലെ എല്ലാ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളെയും 'മെൽഫി' സിസ്റ്റത്തിൽ ബന്ധിപ്പിക്കുകയെന്നതാണ് ലക്ഷ്യം.
രോഗികളുടെ സന്ദർശനം, ആരോഗ്യ പ്രശ്നം, അലർജി, പരിശോധന ഫലം തുടങ്ങിയ വിവരങ്ങൾ 35,000ത്തിലധികം ഡോക്ടർമാർ, നഴ്സുമാർ, പ്രഫഷനൽ ഹെൽത്ത് കെയർ ടീമുകൾ എന്നിവർക്ക് മെൽഫി പ്ലാറ്റ്ഫോമിൽനിന്ന് തുടർ ചികിത്സയുടെ ഭാഗമായി എടുക്കാനാവും.പ്രമുഖ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളായ അബൂദബി ഹെൽത്ത് സർവിസസ് കമ്പനി (സെഹ), മെഡ്ക്ലിനിക്, മുബാദല ഹെൽത്ത്കെയർ, എൻ.എം.സി, വി.പി.എസ് ഗ്രൂപ്, ഈസ്റ്റേൺ യുനൈറ്റഡ് മെഡിക്കൽ സർവിസസ് തുടങ്ങി ആരോഗ്യ മേഖലയിലെ പ്രധാന സ്ഥാപനങ്ങളുടെ പങ്കാളിത്തവും ശ്രദ്ധയും മെൽഫി പ്ലാറ്റ്ഫോമിന് ലഭിച്ചു.ആവർത്തിച്ചുള്ള പരിശോധനകൾ ഒഴിവാക്കൽ, കൂടുതൽ കൃത്യമായ പരിചരണം, മറ്റ് സേവന ദാതാക്കളിൽനിന്ന് രോഗികളുടെ ഡാറ്റ എളുപ്പത്തിൽ ലഭിക്കൽ എന്നിവയാണ് ഇതിെൻറ പ്രധാന ഗുണങ്ങൾ.