ദുബൈയിലെ താമസക്കാരിൽ 30 ശതമാനവും പ്രമേഹ രോഗികൾ
text_fieldsഡി.എച്ച്.എയുടെ സർവേ അവലോകനം ചെയ്യാൻ ചേർന്ന ഓൺലൈൻ യോഗം
ദുബൈ: താളം തെറ്റിയ ജീവിതശൈലി പ്രമേഹത്തിലേക്ക് നയിക്കുന്നുവെന്ന മുന്നറിയിപ്പുമായി ദുബൈ ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ).ദുബൈയിലെ താമസക്കാരിൽ 30 ശതമാനവും പ്രമേഹ രോഗികളോ പ്രമേഹ പൂർവാവസ്ഥയിലുള്ളവരോ (പ്രീ ഡയബറ്റിക്) ആണെന്ന് ഡി.എച്ച്.എ നടത്തിയ സർവേയിൽ വ്യക്തമായി. ദുബൈ സ്റ്റാറ്റിസ്റ്റിക്സ് സെൻററിെൻറ സഹായത്തോടെയാണ് സർവേ നടത്തിയത്.
ദുബൈയിലെ കുടുംബങ്ങളിലായിരുന്നു സർവേ. 18 വയസ്സിന് മുകളിലുള്ളവരിൽ 13.7 ശതമാനം പ്രമേഹരോഗികളും 16.2 ശതമാനം പ്രീ ഡയബറ്റിക്സ് അവസ്ഥയിലുമാണ്. 2017ൽ നടത്തിയ സർവേയിൽ ഇത് യഥാക്രമം 15.2, 15.8 ശതമാനമായിരുന്നു. 24- 45 വയസ്സിനിടയിലുള്ളവരിൽ 13 ശതമാനവും പ്രീ ഡയബറ്റിക് അവസ്ഥയിലാണ്.
വ്യായാമമില്ലായ്മയും ജീവിതശൈലിയിലെ പ്രശ്നങ്ങളുമാണ് ഇവരെ പ്രമേഹത്തിലേക്ക് നയിക്കുന്നത്. സർവേയിൽ പങ്കെടുത്തവരിൽ അഞ്ചു ശതമാനം പേർ മാത്രമാണ് ദിവസവും 10 മിനിറ്റ് തുടർച്ചയായി ഫുട്ബാൾ കളിക്കുകയോ ഓടുകയോ ചെയ്യുന്നത്. 17 ശതമാനം പേർ ദിവസേന മിതമായി ശരീരം അനങ്ങുന്ന ജോലികൾ ചെയ്യുന്നു. അതിൽ വീട്ടുജോലിയും ഉൾപ്പെടും. പുകവലിക്കാരിലാണ് കൂടുതലും പ്രമേഹം കണ്ടെത്തിയത്. പുകവലിക്കുന്ന 28 ശതമാനം യു.എ.ഇ പൗരന്മാരും 10 ശതമാനം പ്രവാസികളും പ്രമേഹത്തിന് അടിപ്പെട്ടിരിക്കുന്നു. എന്നാൽ, പുകവലിക്കാത്ത 14.5 ശതമാനം ഇമാറാത്തികളിലും 6.3 ശതമാനം പ്രവാസികളിലുമാണ് പ്രമേഹമുണ്ടായത്. 60 വയസ്സിനു മുകളിലുള്ളവരിലാണ് കൂടുതലും പ്രമേഹം. 18 മുതൽ 24 വയസ്സു വരെയുള്ളവരിൽ 2.9 ശതമാനം മാത്രം രോഗികളെ കണ്ടെത്തിയപ്പോൾ 60 വയസ്സിന് മുകളിലുള്ള 43.7 ശതമാനവും പ്രമേഹത്തിെൻറ പിടിയിൽ അകപ്പെട്ടു.
36.4 ശതമാനവും പ്രമേഹത്തിെൻറ ലക്ഷണങ്ങളുള്ളവരാണ്. വയസ്സ്, അമിതവണ്ണം, ജീവിതശൈലി, പുകവലി എന്നിവയാണ് പ്രമേഹത്തിെൻറ പ്രധാന കാരണമായി സർവേയിൽ കണ്ടെത്തിയതെന്ന് ഡി.എച്ച്.എ ഡയബറ്റിക് കമ്മിറ്റി ചെയർപേഴ്സൻ ഡോ. ഫത്തേയ അൽ അവാദി പറഞ്ഞു.വ്യായാമമാണ് ഇതിൽനിന്നുള്ള ഏറ്റവും മികച്ച പ്രതിരോധമെന്നും അവർ പറഞ്ഞു. 2014 മുതലാണ് സർവേ തുടങ്ങിയത്. ഡി.എച്ച്.എ ഡേറ്റ അനാലിസിസ് വിഭാഗം ഗവേഷക ഡോ. ഹെബ മംദൂഹിെൻറ നേതൃത്വത്തിൽ ചേർന്ന വെബിനാറിലാണ് സർവേയുടെ വിവരങ്ങൾ പുറത്തുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

