കോവിഡ് കാലത്ത് യു.എ.ഇയിൽനിന്ന് മടങ്ങിയത് 1.3 ദശലക്ഷം ഇന്ത്യക്കാർ
text_fieldsദുബൈ: കോവിഡ് മഹാമാരി രൂക്ഷമായ സമയത്ത് 1.3 ദശലക്ഷം പേരാണ് യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്തതെന്ന് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.
ഇതുവരെയായി 1.15 ദശലക്ഷം ഇന്ത്യക്കാർ യു.എ.ഇയിലേക്ക് മടങ്ങിയെത്തിക്കഴിഞ്ഞുവെന്നും ഔദ്യോഗിക കണക്കുകൾ ഉദ്ധരിച്ച് മന്ത്രി വ്യക്തമാക്കി.
യു.എ.ഇയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനെത്തിയ മന്ത്രി മാധ്യമങ്ങളുമായി നടത്തിയ സംവാദത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലേക്ക് മടങ്ങിയവരുടെയും തിരികെയെത്തിവരുടെയും കണക്ക് പരിശോധിച്ചാൽ 1,50,000 ആളുകളുടെ കുറവ് രേഖപ്പെടുത്തിയതായി കാണാം.
എന്നാൽ, എല്ലാവരും ജോലി നഷ്ടപ്പെട്ട് മടങ്ങിയതാണെന്ന് അർഥമില്ലെന്നും ചിലർ മറ്റു വഴികൾക്കായി ശ്രമിക്കുന്നുണ്ടാകാം, അല്ലെങ്കിൽ അവധിക്കാലം ചെലവഴിക്കാൻ യാത്ര നടത്തിയതാവാമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തിരികെ വരുന്നവർ ഐ.സി.എ അംഗീകാരം ലഭിക്കുന്നതിലെ കാലതാമസം സംബന്ധിച്ച പ്രശ്നങ്ങളും നേരിടുന്നുണ്ട്. ഇതൊക്കെ മടങ്ങിവരവിന് തടസ്സം സൃഷ്ടിക്കുന്നുണ്ടാവാമെന്നും മന്ത്രി വി. മുരളീധരൻ പറഞ്ഞു.
ഐ.സി.എ അംഗീകാരം ലഭിക്കുന്നതിലെ കാലതാമസം സംബന്ധിച്ച പ്രവാസി സമൂഹത്തിെൻറ ആശങ്കകൾ സന്ദർശനവേളയിൽ യു.എ.ഇ മന്ത്രിതല കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടിയതായും മന്ത്രി കൂട്ടിച്ചേർത്തു.
ഐ.സി.എ അംഗീകാരം സംബന്ധിച്ച ആശങ്ക ശ്രദ്ധയിൽപെടുത്തിയപ്പോൾ വളരെ പോസിറ്റിവായ പ്രതികരണമാണ് ലഭിച്ചത്. ഈ പ്രശ്നം വേഗത്തിൽ പരിഹരിക്കാൻ യു.എ.ഇ നേതൃത്വം ശ്രമിക്കും.
പ്രവാസി ഇന്ത്യൻ ജോലിക്കാർക്ക് ഗ്രാറ്റുവിറ്റിയും മറ്റു സേവന ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കാനുള്ള അഭ്യർഥനയും യു.എ.ഇ നേതൃത്വവുമായി ചർച്ച നടത്തിയിട്ടുണ്ട്. നഴ്സുമാർക്ക് തുല്യത സർട്ടിഫിക്കേഷൻ സംബന്ധിച്ച ആശങ്കകളും ശ്രദ്ധയിൽപെടുത്തിയതായും ഇക്കാര്യത്തിൽ നല്ല പുരോഗതി കൈവരിച്ചതായും ചോദ്യങ്ങൾക്കുള്ള മറുപടിയായി മന്ത്രി വിശദീകരിച്ചു.
ഇന്ത്യയിൽ വരാനിരിക്കുന്ന എമിഗ്രേഷൻ ആക്ട്കുടിയേറ്റക്കാരെ സംരക്ഷിക്കുന്നതാണെന്നും കുടിയേറ്റം പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഗാർഹിക ജോലിക്കാരുടെ നിയമനങ്ങൾ തദ്ബീർ ഏറ്റെടുക്കുന്നതോടെ വീട്ടുജോലിക്കാരുടെ തൊഴിൽ കാര്യക്ഷമമാക്കാനുള്ള യു.എ.ഇയുടെ നീക്കത്തെ അദ്ദേഹം സ്വാഗതം ചെയ്തു.
വിവിധ രാജ്യങ്ങളിലെ സിവിൽ ഏവിയേഷൻ അധികൃതർ പതിവായി അന്താരാഷ്ട്ര വിമാന സർവിസുകൾ പുനരാരംഭിക്കുന്നത് വരെ യു.എ.ഇയുമായും പോയൻറ്-ടു-പോയൻറ് ഫ്ലൈറ്റ് സേവനങ്ങൾക്കായി 20ലധികം രാജ്യങ്ങളുമായും ഇന്ത്യയുമായുള്ള എയർ ബബിൾ കരാറുകൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേക്ക് വിമാനങ്ങൾ ബന്ധിപ്പിക്കുന്നതിന് എമിറേറ്റ്സ് എയർലൈൻസുമായി കരാർ ഉണ്ടാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

