യു.എ.ഇ പ്രസിഡന്‍റിന്‍റെ മാപ്പ്: നന്ദി അറിയിച്ച് അബ്ദുർറഹ്മാൻ യൂസഫ് അൽ ഖറദാവി
text_fieldsഅബ്ദുർ റഹ്മാൻ യൂസഫ് അൽ ഖറദാവി
അബൂദബി: യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ തനിക്ക് മാപ്പ് നൽകിയതിനെ തുടർന്ന് നിലപാട് വ്യക്തമാക്കി ഈജിപ്ഷ്യൻ പ്രതിപക്ഷ ആക്ടിവിസ്റ്റും കവിയുമായ അബ്ദുർ റഹ്മാൻ യൂസഫ് അൽ ഖറദാവി. താൻ പൂർണ ആരോഗ്യവാനായിരിക്കുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഈ തീരുമാനത്തിന് യു.എ.ഇ പ്രസിഡന്‍റിന് നന്ദി രേഖപ്പെടുത്തിയത്.
പൊതു സുരക്ഷയെ തകർക്കാൻ ശ്രമിച്ചു എന്ന കുറ്റത്തിന് അബൂദബി ഫെഡറൽ അപ്പീൽ കോടതിയിലെ സൈബർ ക്രൈം വിഭാഗം കഴിഞ്ഞ ആഗസ്റ്റ് 27നാണ് അദ്ദേഹത്തിന് 10 വർഷത്തെ തടവും രണ്ടുലക്ഷം ദിർഹം പിഴയും വിധിച്ചത്. എന്നാൽ, മധ്യസ്ഥ ശ്രമങ്ങളെ തുടർന്ന് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അദ്ദേഹത്തിന് മാപ്പ് നൽകുകയായിരുന്നു. രാഷ്ട്രീയ എതിരാളികൾക്ക് മാപ്പ് നൽകുന്നതിൽ മറ്റു രാഷ്ട്രത്തലവന്മാരും യു.എ.ഇ പ്രസിഡന്‍റിനെ മാതൃകയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തടവിൽ കഴിഞ്ഞ കാലയളവിൽ തനിക്ക് ഒരുവിധ ശാരീരികമോ മാനസികമോ ആയ ഉപദ്രവങ്ങളും നേരിടേണ്ടി വന്നിട്ടില്ലെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. കൂടുതൽ സമയം പൂർണ വിശ്രമം ആവശ്യമുള്ളതിനാൽ കുറച്ചുകാലത്തേക്ക് പൊതുരംഗത്തുനിന്നും വിട്ടുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയം ശുഭകരമായി പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിച്ച തുർക്കിയക്കും പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും അബ്ദുർ റഹ്മാൻ പ്രത്യേക നന്ദി രേഖപ്പെടുത്തി. തുർക്കിയ വിദേശകാര്യ മന്ത്രാലയവും സെക്യൂരിറ്റി ഏജൻസികളും ഈ പ്രശ്നപരിഹാരത്തിനായി വലിയ പങ്കുവഹിച്ചതായി അദ്ദേഹം പറഞ്ഞു.
പ്രശസ്ത മുസ്ലിം പണ്ഡിതനായിരുന്ന പരേതനായ യൂസഫ് അൽ ഖറദാവിയുടെ മകനാണ് 55-കാരനായ അബ്ദുർ റഹ്മാൻ അൽ ഖറദാവി. രാഷ്ട്രീയം, സാമൂഹിക വിഷയങ്ങൾ എന്നിവ ആസ്പദമാക്കി നിരവധി കവിതകളും അദ്ദേഹം രചിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

