നൊമ്പരമായി അബ്ദുല്ല താനിശ്ശേരിയുടെ വിയോഗം
text_fieldsഉമ്മുൽ ഖുവൈൻ: മുൻ പ്രവാസിയും ഉമ്മുൽ ഖുവൈൻ കെ.എം.സി.സി മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന അബ്ദുല്ല താനിശ്ശേരിയുടെ വിയോഗത്തോടെ പ്രവാസികൾക്ക് നഷ്ടപ്പെട്ടത് കറകളഞ്ഞ പൊതുപ്രവർത്തകനെ. ഉമ്മുൽ ഖുവൈനിൽ ആയിഷ റെക്കോഡിങ് എന്ന സ്ഥാപനം നടത്തിയിരുന്ന ഇദ്ദേഹം ഏതാനും വർഷങ്ങൾക്കു മുമ്പ് പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ ചെറിയ ബിസിനസുമായി കഴിയുകയായിരുന്നു. ഇതിനിടെ രോഗം പിടിപെടുകയും ചികിത്സയിലായിരിക്കെ മരണത്തിനു കീഴടങ്ങുകയുമായിരുന്നു.
സഹായവുമായി ആര് സമീപിച്ചാലും എല്ലാ തിരക്കുകളും മാറ്റിവെച്ച് കൂടെയിറങ്ങുന്ന പ്രത്യേക വ്യക്തിത്വമായിരുന്നു താനിശ്ശേരിയുടേത്. എപ്പോഴും ആരുടെയെങ്കിലും സങ്കടങ്ങളടങ്ങിയ ഒരു പേപ്പറെങ്കിലും കൈയിൽ കാണും. അഞ്ചു പതിറ്റാണ്ടോളം നീണ്ടുനിന്ന ആത്മാർഥമായ പൊതു പ്രവർത്തനമായിരുന്നു ഇദ്ദേഹത്തിന്റെ മുഖമുദ്ര.
ഉമ്മുൽ ഖുവൈനിലെ ദീർഘകാല പ്രവാസികൾക്കൊക്കെ സുപരിചിതനായ അബ്ദുല്ല സ്വന്തം സഹോദരനെന്നു തോന്നിക്കുന്ന വ്യക്തിബന്ധങ്ങൾ സൂക്ഷിച്ച ആളുകൂടിയായിരുന്നു. മുമ്പ് ഒരു കുറ്റവാളിയെ പിടികൂടാൻ സഹായിച്ചതിന് ഉമ്മുൽഖുവൈൻ പൊലീസിന്റെ ആദരം ഏറ്റു വാങ്ങിയിട്ടുണ്ട് ഇദ്ദേഹം. കോഴിക്കോട് പാറക്കടവ് സ്വദേശിയാണ്. ഭാര്യ: മൈമൂനത്ത്. മക്കൾ: മുഹമ്മദ് അലി, അജ്മൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

