അതിജീവനത്തിന്റെ കഥ പറഞ്ഞ് അബ്ദുല്ലയുടെ ‘നേർസാക്ഷ്യം’
text_fieldsഅബ്ദുല്ല മുഹമ്മദ് അൻവറിന്റെ ‘നേർസാക്ഷ്യം’ പുസ്തകം സാമൂഹികപ്രവർത്തകൻ അഷ്റഫ് താമരശ്ശേരി പ്രകാശനം ചെയ്യുന്നു
ദുബൈ: ജന്മനാ കാഴ്ചപരിമിതിയുള്ള യുവാവിന്റെ അതിജീവനത്തിന്റെ കഥ പറയുന്ന ‘നേർസാക്ഷ്യം’ പുസ്തകം ഷാർജ പുസ്തകോത്സവ വേദിയിൽ പ്രകാശിതമായി. മലപ്പുറം തിരൂർക്കാട് സ്വദേശി അബ്ദുല്ല മുഹമ്മദ് അൻവറിന്റെ ജീവിതകഥയാണ് പുറത്തിറങ്ങിയത്. കോഴിക്കോട് ഫാറൂഖ് കോളജിൽനിന്ന് അറബിക് ആൻഡ് ഇസ്ലാമിക് ഹിസ്റ്ററിയിൽ ബിരുദം, അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയിൽനിന്ന് അറബി ഭാഷയിൽ ബിരുദാനന്തര ബിരുദം എന്നിവ പൂർത്തിയാക്കിയ അബ്ദുല്ല നിലവിൽ ദുബൈയിലെ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. ഖത്തറിൽ ജനിച്ച അദ്ദേഹത്തിന്റെ കഴിഞ്ഞ 26 വർഷത്തെ ജീവിതമാണ് ‘നേർസാക്ഷ്യ’ത്തിൽ വിവരിക്കുന്നത്.
കഴിഞ്ഞവർഷം ജോലിതേടി ദുബൈയിലെത്തിയ അബ്ദുല്ലയുടെ അനുഭവം ‘ഗൾഫ് മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. പുസ്തകോത്സവ വേദിയിലെ റൈറ്റേഴ്സ് ഫോറത്തിൽ നടന്ന ചടങ്ങിൽ സാമൂഹികപ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയാണ് പുസ്തകം പ്രകാശനം ചെയ്തത്. അബ്ദുല്ലയുടെ അധ്യാപകൻ കൂടിയായ ഫൈസൽ കോട്ടക്കൽ ഏറ്റുവാങ്ങി. മധുരവും കയ്പ്പും നിറഞ്ഞ ജീവിതാനുഭവങ്ങൾ ഉൾപ്പെടുത്തിയ തന്റെ പുസ്തകം പ്രസിദ്ധീകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും യു.എ.ഇ ഭരണാധികാരികളെ കാണാനും സംസാരിക്കാനും കൊതിയുണ്ടെന്നും അബ്ദുല്ല ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഉപ്പയും ഉമ്മയും ഇരട്ട സഹോദരനുമടങ്ങുന്നതാണ് കുടുംബം. പിതാവ് മുഹമ്മദ് അൻവർ പ്രവാസിയായിരുന്നു. മാതാവ് റിട്ട. അധ്യാപികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

