എ.ബി.സി കാർഗോ സ്തനാർബുദ രോഗനിർണയ ക്യാമ്പ് നടത്തി
text_fieldsഎ.ബി.സി കാർഗോ നടത്തിയ സ്തനാർബുദ രോഗനിർണയ ക്യാമ്പ്
ദുബൈ: അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് എ.ബി.സി കാർഗോ സൗജന്യ സ്തനാർബുദ രോഗനിർണയ ക്യാമ്പ് നടത്തി. ഈ മാസം എട്ടിന് വെള്ളിയാഴ്ച വൈകീട്ട് മൂന്നു മുതൽ രാത്രി ഒമ്പതുവരെ ലുലു അൽ ബർഷയിൽ നടന്ന ക്യാമ്പിൽ നിരവധി സ്ത്രീകളും മെഡിക്കൽ ജീവനക്കാരും പങ്കെടുത്തു.
ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിൽ എന്നും മുന്നിൽ നിൽക്കുന്ന എ.ബി.സി കാർഗോ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും സംഘടിപ്പിച്ചുവരുന്നുണ്ട്. സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളുമായി ഇനിയും മുന്നോട്ടുപോകുമെന്ന് എ.ബി.സി ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാൻ ഡോ. ശരീഫ് അബ്ദുൽഖാദർ അറിയിച്ചു.
വനിത ജീവനക്കാരെ ഏകോപിപ്പിച്ചു കൊണ്ടുള്ള എ.ബി.സി കാർഗോയുടെ പ്രവർത്തനം ജീവനക്കാർക്കിടയിൽ വളരെയധികം സന്തോഷവും സൗഹൃദവും സൃഷ്ടിക്കുന്നതായിരുന്നു.എ.ബി.സി ഗ്രൂപ് ഓഫ് കമ്പനീസ് വൈസ് ചെയർമാൻ ഷമീറ ഷെരീഫിന്റെ നേതൃത്വത്തിൽ സ്തനാർബുദ ബോധവത്കരണം ലക്ഷ്യമിട്ടാണ് രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചതെന്ന് ഡയറക്ടർ ഷാജഹാൻ അബ്ദുൽ ഖാദർ പറഞ്ഞു.
നേരത്തെയുള്ള കണ്ടെത്തൽ, പതിവ് പരിശോധനകൾ, രോഗം ബാധിച്ചവർക്കുള്ള പിന്തുണ എന്നിവയുടെ പ്രാധാന്യം എടുത്തുകാണിക്കുന്നതായിരുന്നു ക്യാമ്പ്. മുൻവർഷങ്ങളിലും വനിതാ ദിനത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

