മറ്റുള്ളവരുടെ ബാഗേജ് ഏറ്റെടുത്ത് കുടുങ്ങരുതെന്ന് മുന്നറിയിപ്പ്
text_fieldsദുബൈ: വിമാനയാത്രക്കിടെ മറ്റുള്ളവരെ സഹായിക്കാൻ അവരുടെ ബാഗേജ് ഏറ്റെടുക്കുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ.
ബാഗേജിനകത്ത് നിരോധിത വസ്തുക്കളുണ്ടെങ്കിൽ അതിന്‍റെ നിയമപരമായ ഉത്തരവാദിത്തംകൂടി ഏറ്റെടുക്കേണ്ടി വരുമെന്നാണ് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്‍റെ മുന്നറിയിപ്പ്. ശ്രദ്ധിച്ചില്ലെങ്കിൽ വലിയ നിയമക്കുരുക്കിൽപെടാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. നിരോധിത വസ്തുക്കൾ യാത്ര തടസ്സപ്പെടാൻ വരെ ഇടയാക്കും.
വിമാനയാത്രക്കിടെ മറ്റുള്ളവരുടെ ബാഗേജ് അധികമായാൽ അത് ഏറ്റെടുത്ത് യാത്ര നടത്തുന്നവർക്കാണ് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്‍റെ മുന്നറിയിപ്പ്. ബാഗേജിനകത്ത് എന്താണെന്ന് പലപ്പോഴും ഏറ്റെടുക്കുന്നവർക്ക് അറിയില്ല.
ഇത് യാത്ര പുറപ്പെടുന്ന വിമാനത്താവളത്തിലോ ലക്ഷ്യസ്ഥാനത്തെ വിമാനത്താവളത്തിലോ ബാഗേജ് ഏറ്റെടുക്കുന്നവരെ കുഴപ്പത്തിലാക്കാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ മുന്നറിയിപ്പിൽ പറയുന്നു. ഒരു യാത്രക്കാരിയുടെ അനുഭവം പങ്കുവെച്ചാണ് പ്രോസിക്യൂഷൻ ഇക്കാര്യം വ്യക്തമാക്കുന്നത്. ബാഗേജ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച മറ്റൊരാളുടെ ബാഗേജ് യാത്രക്കാരി ഏറ്റെടുത്തു. എന്നാൽ, ബാഗേജിനകത്ത് നിരോധിത വസ്തുകളുണ്ടായിരുന്നതിനാൽ അവർ വിമാനത്താവളത്തിൽ അന്വേഷണത്തിന്‍റെ ഭാഗമായി തടഞ്ഞുവെക്കപ്പെട്ടു.
ഇത്തരം സാഹചര്യങ്ങളിൽ പലപ്പോഴും ബാഗേജിന്‍റെ യഥാർഥ ഉടമസ്ഥനെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിയില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
മറ്റുള്ളവരെ സഹായിക്കുന്നത് നല്ലതാണ്.
പക്ഷേ, ബാഗേജ് ഏറ്റെടുക്കുന്നവർ അതിനകത്തെ വസ്തുക്കളുടെ ഉത്തരവാദിത്തംകൂടി ഏൽക്കേണ്ടി വരുമെന്നാണ് പ്രോസിക്യൂഷൻ നൽകുന്ന മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

