ഹജ്ജ് തീർഥാടകർക്ക് ഹൃദ്യമായ വരവേൽപ്
text_fieldsദുബൈ എയർപോർട്ടിൽ ഹജ്ജ് തീർഥാടകരെ സ്വീകരിക്കുന്നു
ദുബൈ: ഹജ്ജ് കർമം പൂർത്തിയാക്കി രാജ്യത്ത് മടങ്ങിയെത്തിയ തീർഥാടകർക്ക് ദുബൈ എയർപോർട്ടിൽ ഹൃദ്യമായ വരവേൽപ് നൽകി ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ). യു.എ.ഇയുടെ ആതിഥ്യമര്യാദയും ആദരവും പ്രതിഫലിപ്പിക്കുന്ന പ്രത്യേക പരിപാടിയിലൂടെയാണ് തീർഥാടകരെ സ്വീകരിച്ചത്. പാസ്‌പോർട്ടുകളിൽ ‘തീർഥാടകരുടെ തിരിച്ചുവരവിനെ യു.എ.ഇ സ്വാഗതം ചെയ്യുന്നു’ എന്ന സന്ദേശം ഉൾക്കൊള്ളുന്ന പ്രത്യേക സീൽ പതിപ്പിച്ചു. നാട്ടിലേക്ക് മടങ്ങിയെത്തുന്ന തീർഥാടകർക്ക് ആദരവും സന്തോഷവും പകരുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ സംരംഭം.
വിമാനത്താവളത്തിലെത്തിയ തീർഥാടകരെ ജി.ഡി.ആർ.എഫ്.എ ജീവനക്കാരും കുട്ടികളും ചേർന്ന് സ്വീകരിച്ചു. പൂക്കളും സ്മരണികകളും സമ്മാനിച്ച് അവരുടെ മടങ്ങിവരവ് ആഘോഷമാക്കി. ഹജ്ജ് കഴിഞ്ഞ് മടങ്ങിയെത്തുന്ന തീർഥാടകരെ സ്വീകരിക്കുന്നത് ആത്മീയവും മാനവികവുമായി ഏറെ പ്രാധാന്യമുള്ളതാണെന്ന് ജി.ഡി.ആർ.എഫ്.എയുടെ എയർപോർട്ട് അഫയേഴ്സ് വിഭാഗം അസിസ്റ്റന്‍റ് ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അഹമ്മദ് അൽ ഷങ്കീതി പറഞ്ഞു. യു.എ.ഇയുടെ യഥാർഥ ആതിഥ്യമര്യാദയും ആദരവും പ്രകടിപ്പിക്കുന്ന രീതിയിലാണ് ഈ സ്വീകരണം ഒരുക്കിയിരിക്കുന്നത്. യാത്രാ സേവനങ്ങളിൽ മികച്ച നിലവാരം ഉറപ്പാക്കുന്നതിനൊപ്പം മനുഷ്യസ്നേഹത്തിനും വലിയ പ്രാധാന്യം നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
തീർഥാടകരുടെ വരവ് സുഗമമാക്കുന്നതിനായി ദുബൈ വിമാനത്താവളങ്ങളിൽ പ്രത്യേക കൗണ്ടറുകളും ലൈനുകളും ഒരുക്കിയിരുന്നു. പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ സേവനവും വിവിധ ഏവിയേഷൻ, അതിർത്തി വിഭാഗങ്ങളുമായുള്ള ഏകോപനവും പ്രവേശന നടപടികൾ വേഗത്തിലും സുരക്ഷിതമായും പൂർത്തിയാക്കാൻ സഹായിച്ചു. യാത്രക്കാരുടെ അനുഭവം മികച്ചതാക്കുകയും സേവന മികവും മാനുഷിക പരിഗണനയും നൽകുകയും ചെയ്യുക എന്നതാണ് ഇത്തരം സംരംഭങ്ങളുടെ ലക്ഷ്യമെന്ന് ജി.ഡി.ആർ.എഫ്.എ വ്യക്തമാക്കി. ദേശീയ, മതപരമായ അവസരങ്ങളിൽ യാത്രക്കാർക്ക് മികച്ച അനുഭവം ഒരുക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

