Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനേരിന്‍റെയും...

നേരിന്‍റെയും സുതാര്യതയുടെയും നേര്‍ക്കാഴ്ച

text_fields
bookmark_border
നേരിന്‍റെയും സുതാര്യതയുടെയും നേര്‍ക്കാഴ്ച
cancel

അബൂദബി: യു.എ.ഇയില്‍ കഴിഞ്ഞ വര്‍ഷം പൊതുസ്ഥലങ്ങളില്‍നിന്ന് വീണുകിട്ടിയ വന്‍ തുകകള്‍ ഒട്ടും മടി കൂടാതെ പൊലീസിനെ ഏല്‍പിച്ച് മാതൃകയായത് 8700ലധികം പേര്‍. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആകെ 8,706 വ്യക്തികളാണ് ഇത്തരത്തില്‍ തങ്ങള്‍ക്ക് ലഭിച്ച പണം പൊലീസ് സ്റ്റേഷനുകളില്‍ എത്തിച്ചു നല്‍കിയത്. യു.എ.ഇ. ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് പ്രവാസികളും സ്വദേശികളും ഉള്‍പ്പെടുന്ന സമൂഹത്തിന്‍റെ ഉയര്‍ന്ന സുതാര്യതയും ധാർമികതയും വെളിപ്പെടുത്തുന്ന വിവരങ്ങളുള്ളത്.

തെരുവുകള്‍, പൊതു പൊതുസൗകര്യങ്ങള്‍, വന്‍കിട ഷോപ്പിങ്​ മാളുകള്‍, വിവിധ പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവടങ്ങളില്‍ നിന്നാണ് ജനങ്ങള്‍ക്ക് പണം ലഭ്യമായത്. ദശലക്ഷക്കണക്കിന് ദിര്‍ഹം മൂല്യം വരുന്നതാണ് ഈ തുക. പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ച തുകകള്‍ കൃത്യമായ നടപടിക്രമങ്ങളിലൂടെ യഥാർഥ ഉടമസ്ഥരിലേക്ക് തിരിച്ചെത്തിക്കാനുള്ള നീക്കം അധികൃതര്‍ പൂര്‍ത്തിയാക്കി വരികയാണ്. യു.എ.ഇ സമൂഹത്തില്‍ പരസ്പരവിശ്വാസവും സത്യസന്ധതയും എത്രത്തോളം ആഴത്തില്‍ വേരൂന്നിയതാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം അഭിപ്രായപ്പെട്ടു. പൊതുജനങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ശക്തമായ സഹകരണത്തിന്‍റെ ഉത്തമ ഉദാഹരണം കൂടിയാണിത്.

സത്യസന്ധതയുടെ ഈ മാതൃകാ പട്ടികയില്‍ കുട്ടികളുടെ പങ്കാളിത്തം ഏറെ ശ്രദ്ധ പിടിച്ചുപറ്റി. പണം തിരികെ ഏൽപിച്ചവരില്‍ പത്തോ അതില്‍ താഴെയോ വയസ്സുള്ള 257 കുട്ടികളാണുള്ളത്. കുട്ടികളില്‍ ചെറുപ്രായത്തില്‍ തന്നെ ഉത്തരവാദിത്തബോധവും ധാര്‍മിക മൂല്യങ്ങളും വളര്‍ത്തിയെടുക്കുന്നതില്‍ യു.എ.ഇയിലെ കുടുംബങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കൈവരിച്ച വലിയ വിജയമാണ് ഇത് കാണിക്കുന്നതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്ന ഒരു സംഭവം മാളിലെ സിനിമാ തിയേറ്റര്‍ പരിസരത്ത് നിന്ന് 17,000 ദിര്‍ഹം (ഏകദേശം നാല് ലക്ഷത്തോളം ഇന്ത്യന്‍ രൂപ) ലഭിച്ച എട്ടു വയസ്സുകാരിയായ അറബ് പെണ്‍കുട്ടിയുടേതാണ്. കുട്ടി കുടുംബത്തോടൊപ്പം അല്‍ റാഷിദിയ പൊലീസ് സ്റ്റേഷനിലെത്തി പണം കൈമാറുകയായിരുന്നു. മുതിര്‍ന്ന തലമുറയ്ക്കൊപ്പം യുവതലമുറയും ഈ രംഗത്ത് ഏറെ മുന്നിലാണ്. 11നും 20നും ഇടയില്‍ പ്രായമുള്ള 461 പേരാണ് തങ്ങള്‍ക്ക് വഴിയില്‍ നിന്ന് കിട്ടിയ പണം പൊലീസ് സ്റ്റേഷനുകളില്‍ ഏല്‍പിച്ചത്.

യു.എ.ഇ. കാത്തുസൂക്ഷിക്കുന്ന ഉയര്‍ന്ന സുരക്ഷാ നിലവാരവും ജനങ്ങള്‍ക്കിടയിലെ പരസ്പര വിശ്വാസവുമാണ് ഈ സ്ഥിതിവിവരക്കണക്കുകള്‍ അടിവരയിടുന്നത്. മൂല്യങ്ങള്‍ വളര്‍ത്തുന്നതില്‍ കുടുംബങ്ങള്‍, സ്‌കൂളുകള്‍, മാധ്യമ സ്ഥാപനങ്ങള്‍ എന്നിവര്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് മന്ത്രാലയം പ്രസ്താവിച്ചു. ഇത്തരം മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ പൊലീസും ജനങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുമെന്നും രാജ്യത്തിന്‍റെ പൊതു സുരക്ഷ, സാമൂഹിക ഐക്യം, ജീവിത നിലവാരം എന്നിവ വർധിപ്പിക്കാന്‍ സഹായിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. രാജ്യത്തുടനീളമുള്ള പൊലീസ് സ്റ്റേഷനുകളില്‍ നഷ്ടപ്പെട്ട സാധനങ്ങളെയും പണത്തെയും കുറിച്ചുള്ള വിവരങ്ങള്‍ 24 മണിക്കൂറും സ്വീകരിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayaliTransparencygulfhonesty
News Summary - A vision of honesty and transparency
Next Story