ഓരോ വീടിനും ഒരു മരം
text_fieldsഅജ്മാന്: അജ്മാന് നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഓരോ വീടിനും ഒരു മരം എന്ന പദ്ധതി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി 10,223 തൈകളുടെ വിതരണം നടത്തി. മുഷൈരിഫ് പ്രദേശത്തെ താമസക്കാർക്ക് കാർഷിക തൈകൾ വിതരണം ചെയ്യുന്നതിനായി വകുപ്പ് വലിയ തോതിലുള്ള പരിപാടിയും നടത്തി. ഈ കാലയളവിൽ വീടുകളിൽ നടീൽ പ്രോത്സാഹിപ്പിക്കുന്നതിനും താമസകേന്ദ്രങ്ങളില്‍ പച്ചപ്പ് വർധിപ്പിക്കുന്നതിനും താമസക്കാർക്കിടയിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനുമായി 10,223 വൈവിധ്യമാർന്ന തൈകൾ വിതരണം ചെയ്തു. ഇതോടൊപ്പം പൂർണവളർച്ചയെത്തിയ മരങ്ങളുടെ എണ്ണം തിട്ടപ്പെടുത്തുന്ന പ്രവൃത്തിയും അജ്മാന് നഗരസഭയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ചു.
അജ്മാന് എമിറേറ്റിലെ വിവിധ പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന പുരാതന സിദ്ർ, ഗാഫ് മരങ്ങളുടെ എണ്ണം നിർണയിക്കുന്നതിനുള്ള ഒരു സംരംഭത്തിന്റെ ആദ്യഘട്ടം വകുപ്പ് ആരംഭിച്ചു. ഈ ഘട്ടത്തിൽ അജ്മാനിൽ 30 വർഷത്തിലധികം പഴക്കമുള്ള 50 മരങ്ങളുടെ എണ്ണം നിർണയിച്ചു.
വൃക്ഷത്തെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ തിരിച്ചറിയൽ ഫലകവും അത് നശിപ്പിക്കുന്നതിനുള്ള നിയമപരമായ ശിക്ഷകളെക്കുറിച്ചുള്ള മുന്നറിയിപ്പും ഉൾപ്പെടുന്ന ഒരു ഡിജിറ്റൽ നമ്പറിങ് സംവിധാനം ഈ സംരംഭത്തിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും വ്യക്തമാകുന്നതിന് വിവരങ്ങൾ നിരവധി ഭാഷകളിലാണ് എഴുതിയിരിക്കുന്നതെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

