ഇമാറാത്തിന് ആറുവയസ്സുകാരന്റെ സംഗീതാഭിവാദ്യം
text_fieldsആറുവയസ്സുകാരൻ മുഹമ്മദ് അബ്ബാസ് ആലപിച്ച അറബിക് ആൽബം ശംസുദ്ദീൻ നെല്ലറ
റിലീസ് ചെയ്യുന്നു
ദുബൈ: 54ാമത് യു.എ.ഇ ദേശീയദിനത്തിന്റെ ആഘോഷാരവങ്ങൾ ഉയരുമ്പോൾ, പോറ്റമ്മനാടിന് സ്നേഹപൂർവം സംഗീതസമ്മാനം നൽകി ആറുവയസ്സുകാരൻ മുഹമ്മദ് അബ്ബാസ്. ദേശീയദിനത്തിന് അഭിവാദ്യമർപ്പിച്ച് ഈ കൊച്ചുകലാകാരൻ ആലപിച്ച ‘അൽ ഇമാറത്തു ഇസ്സത്ത്’ എന്ന അറബിക് സംഗീത ആൽബം കഴിഞ്ഞദിവസം പുറത്തിറങ്ങി.
ബാല്യത്തിന്റെ നിഷ്കളങ്കതയും ജന്മസിദ്ധമായ സ്വരമാധുര്യവും ഒത്തിണങ്ങിയ ഈ ഗാനശിൽപം യു.എ.ഇ എന്ന മഹത്തായ രാജ്യത്തിനും അവിടത്തെ ഭരണാധികാരികൾക്കുമായി സമർപ്പിച്ചിരിക്കുകയാണ്. മൂന്നാംവർഷമാണ് ഈ പ്രതിഭ ദേശീയദിനത്തിന് ആദരവുകൾ നേർന്ന് ഗാനം ആലപിക്കുന്നത്. കഴിഞ്ഞദിവസം ദുബൈയിൽ നടന്ന ചടങ്ങിൽ ഷംസുദ്ദീൻ നെല്ലറ ആൽബം പ്രകാശനം ചെയ്തു. മുഹമ്മദ് അബ്ബാസിന്റെ പിതാവ് മുഹമ്മദ് അലി കന്യാന, ഷാഫി അൽ മുർഷിദി ഹോപ്പ്, റിയാസ് കിൽട്ടൻ, ഒ.പി. ഷാജി, റഫീഖ് അൽ മായാർ, ബഷീർ ബെല്ലോ, ഫാറൂഖ് അമാനി, മുഹമ്മദ് സാലിഹ്, അസീസ് മണമ്മൽ, ഹക്കീം വാഴക്കാല, സബീബ്, ടി.പി. സൈതലവി, ഫിറോസ് പയ്യോളി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ആൽബത്തിന്റെ വരികൾ രചിച്ചത് സിദ്ദീഖ് സങ്ങദി മിത്തൂറാണ്. സംഗീത സംവിധാനം നിർവഹിച്ചത് മുഹമ്മദിന്റെ പിതാവും മാപ്പിളപ്പാട്ട് രചയിതാവുമായ മുഹമ്മദ് അലി കന്യാനാണ്. ആയിരത്തിലധികം മദ്ഹ് ഗാനങ്ങൾ രചിച്ചിട്ടുള്ള പിതാവിന്റെ കലാപാരമ്പര്യത്തിന്റെ തണലിലാണ് ഈ കുഞ്ഞുഗായകന്റെ സംഗീതയാത്ര പിച്ചവെക്കുന്നത്. രണ്ടരവയസ്സുമുതൽ സംഗീതലോകത്ത് വിസ്മയം തീർത്തുതുടങ്ങിയ മുഹമ്മദ് അബ്ബാസ്, അറബി, ഇംഗ്ലീഷ്, മലയാളം, കന്നഡ, ഉറുദു ഭാഷകളിലായി മുപ്പതോളം ഗാനങ്ങൾ പാടിയിട്ടുണ്ട്. ഏത് ഭാഷയിലുള്ള വരികളും കേട്ടുപഠിച്ച്, അക്ഷരശുദ്ധിയോടെ കാണാതെ പാടാനുള്ള മുഹമ്മദിന്റെ സിദ്ധി ശ്രദ്ധേയമാണ്.
മലയാളത്തെ നെഞ്ചിലേറ്റുന്ന ഈ കുരുന്ന് ഗായകൻ ആലപിച്ചവയിൽ ഏറെയും മദ്ഹ് മാപ്പിളപ്പാട്ടുകളാണ്. കാസർകോട്-കർണാടക അതിർത്തി ഗ്രാമമായ കന്യാന സ്വദേശികളാണ് ഈ കുടുംബം. കഴിഞ്ഞ 23 വർഷമായി ദുബൈയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി ചെയ്യുന്ന പിതാവ് മുഹമ്മദ് അലിക്കും കുടുംബത്തിനുമൊപ്പം ബർദുബൈയിലാണ് മുഹമ്മദ് അബ്ബാസിന്റെ താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

