ഒരു കുപ്പായം..വില 50 ലക്ഷം ദിർഹം!
text_fields50 ലക്ഷം ദിർഹം വിലയുള്ള സ്വർണവസ്ത്രം
ഷാർജ: ഒരു കുപ്പായത്തിന്‍റെ വില 50 ലക്ഷം ദിർഹം! ഇത്രമാത്രം വിലമതിക്കാൻ എന്തുകൊണ്ടാണ് ആ വസ്ത്രമുണ്ടാക്കിയതെന്നാവും ചോദ്യം. ആ കുപ്പായം സ്വർണത്തിൽ തീർത്തതാണെന്നാണ് ന്യായമായ ആ ചോദ്യത്തിന്‍റെ ഉത്തരം. ലോകത്തെ ഏറ്റവും വില കൂടിയ സ്വർണവസ്ത്രമായി ഗിന്നസ് ബുക്കിൽ കയറിപ്പറ്റിയ ആ വിശേഷ വസ്ത്രം 57-ാമത് വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ് ഷോയിലെ മുഖ്യ ആകർഷണമായി മാറി.
അൽ റൊമൈസാൻ ഗോൾഡ് ആൻഡ് ജ്വല്ലറിയാണ് അതിശയിപ്പിക്കുന്ന സ്വർണ വസ്ത്രം പ്രദർശനത്തിൽ അവതരിപ്പിച്ചത്. യു.എ.ഇയിൽ നിർമിച്ച ഈ അപൂർവ സൃഷ്ടിക്ക് 10 കിലോഗ്രാമിലധികം ഭാരമുണ്ട്. 21 കാരറ്റ് ശുദ്ധമായ സ്വർണത്തിൽ തീർത്തതാണിത്. 50 ലക്ഷം ദിർഹം (ഏകദേശം 13 കോടി രൂപ) വിലയുള്ള ഇതിനെ ഏറ്റവും വിലകൂടിയ സ്വർണ വസ്ത്രമായി ഗിന്നസ് വേൾഡ് റെക്കോർഡ്സ് അംഗീകരിച്ചതിന്‍റെ സാക്ഷ്യപത്രവും ഇതോടൊപ്പം പ്രദർശനത്തിനുണ്ട്. ഈ വർഷത്തെ പ്രദർശനത്തിൽ സന്ദർശകരുടെ പ്രധാന ആകർഷണമായി ഇത് മാറിയിരിക്കുന്നു.
പ്രമുഖ പ്രാദേശിക ജ്വല്ലറി കമ്പനികളുടെയും ബ്രാൻഡുകളുടെയും ശ്രദ്ധേയമായ പങ്കാളിത്തം കൊണ്ട് ആകർഷകമാണ് വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ് ഷോ. നവീന രീതികളും പരമ്പരാഗത കരവിരുതും ഒത്തുചേരുന്ന സവിശേഷമായ കളക്ഷനുകളും അപൂർവമായ ആഭരണങ്ങളുമാണ് പ്രദർശനത്തിലുള്ളത്. ഈ പ്രധാന പ്രദർശനത്തിന് പുറമെ, അൽ റൊമൈസാൻ ഗോൾഡ് ആൻഡ് ജ്വല്ലറി ഈ 57-ാമത് പതിപ്പിൽ മാത്രമായി ലോഞ്ച് ചെയ്ത പുതിയ ജ്വല്ലറി കളക്ഷനുകളും അവതരിപ്പിക്കുന്നുണ്ട്.
എമിറാത്തി ഡിസൈനറായ ഷമ്മ അൽ ഹല്ലാമിയുമായി സഹകരിച്ച് സലീം അൽ-ശുഐബി ജ്വല്ലറി തയാറാക്കിയ ‘ഓറ മോസ’ കളക്ഷൻ ഈ മേളയിലൂടെ പരിചയപ്പെടുത്തുന്നു. കൂടാതെ, കഴിഞ്ഞ വർഷം പുറത്തിറക്കിയതും റെക്കോർഡുകൾ ഭേദിച്ചതുമായ ‘ശൈഖ ഹിന്ദ്’ കളക്ഷനിലെ കലാസൃഷ്ടികളും, അതോടൊപ്പം 500ലധികം പുതിയ ഡയമണ്ട് ഡിസൈനുകളും കമ്പനി ഇവിടെ പ്രദർശിപ്പിക്കുന്നുണ്ട്. ആഡംബര ആഭരണ രംഗത്തെ ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന താൽപര്യങ്ങൾക്കും ട്രെൻഡുകൾക്കും അനുസൃതമായി വിപുലീകരിക്കുന്ന പ്രീമിയം കളക്ഷനുകളാണ് പ്രദർശനത്തിലുള്ളത്.
അറേബ്യൻ ഗോൾഡ് ആൻഡ് ഡയമണ്ട്സും അന്താരാഷ്ട്ര അംഗീകാരവും ഗിന്നസ് വേൾഡ് റെക്കോർഡും നേടിയ തനത് കലാസൃഷ്ടികളുടെ കളക്ഷൻ പ്രദർശിപ്പിക്കുന്നുണ്ട്. ഏഴ് എമിറേറ്റുകളിലെയും പ്രശസ്തമായ അടയാളങ്ങൾ ഉൾപ്പെടുത്തി സങ്കീർണമായി രൂപകൽപന ചെയ്ത ‘യൂനിയൻ ഫ്രെയിം’, ലോകത്തിലെ ഏറ്റവും വലിയ കണ്ണാടി, ലോകത്തിലെ ഏറ്റവും വലിയ ‘മെർതാഷ’ ആഭരണം എന്നിവ ഇതിലെ പ്രധാന ആകർഷണങ്ങളാണ്.
പ്രകൃതിദത്ത ഡയമണ്ടുകളും റൂബി, എമറാൾഡ്, സഫയർ തുടങ്ങിയ പ്രീമിയം രത്നങ്ങളും പതിച്ച 18 കാരറ്റ് സ്വർണ്ണാഭരണങ്ങൾ അടങ്ങുന്ന ജൗഹറ ജ്വല്ലറിയുടെ ‘പാം’ കളക്ഷൻ വേറിട്ട ഒന്നാണ്. മുത്ത് (പേൾ) ആഭരണങ്ങളുടെ പ്രത്യേക ശേഖരവും, ഓരോ ഡിസൈനിലും ഒരൊറ്റ പീസ് മാത്രം നിർമിക്കുന്ന തനത് ഡയമണ്ട് ബ്രൈഡൽ സെറ്റുകളും കമ്പനി അവതരിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

