നിത്യസന്ദർശകൻ; പ്രവാസികളുടെ പ്രിയസഖാവ്
text_fields2017ൽ അബൂദബി ശക്തി തിയറ്റേഴ്സിന്റെ വേദിയിൽ കോടിയേരി ബാലകൃഷ്ണൻ
ദുബൈ: പ്രവാസികളുമായി ഏറെ ആത്മബന്ധം പുലർത്തിയിരുന്ന നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ. യു.എ.ഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ഇടക്കിടെ സന്ദർശിച്ചിരുന്നു. യു.എ.ഇയിൽ അവസാനമായി എത്തിയത് കഴിഞ്ഞ ഫെബ്രുവരിയിലാണ്.
ചികിത്സാർഥം എത്തിയതിനാൽ സംഘടന പരിപാടികളിൽനിന്ന് വിട്ടുനിന്നിരുന്നു. 2016ലും 17ലുമാണ് കൂടുതൽ പരിപാടികളിൽ പങ്കെടുത്തത്.
യു.എ.ഇയിലെ ബന്ധുക്കളെ സന്ദർശിക്കാനും അദ്ദേഹം എത്തിയിരുന്നു. ദുബൈ പൊലീസ് അടക്കം യു.എ.ഇയിലെ വിവിധ സർക്കാർ വകുപ്പുകൾ സന്ദർശിക്കുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. വിമാനനിരക്ക് കുറക്കൽ, പ്രവാസി വോട്ട് പോലുള്ള വിഷയങ്ങൾ കേന്ദ്രസർക്കാറിന്റെ ശ്രദ്ധയിൽകൊണ്ടുവരുമെന്ന് അദ്ദേഹം ഉറപ്പുനൽകിയിരുന്നു. അതിനായി പ്രവർത്തിക്കുകയും ചെയ്തു. നാട്ടുകാരായ നിരവധി കണ്ണൂർ സ്വദേശികൾ അധിവസിക്കുന്ന യു.എ.ഇയിൽ അവരെ കാണാനും പരിചയം പുതുക്കാനും അദ്ദേഹം മടിച്ചില്ല.
പ്രവാസികളുടെ പല വിഷയങ്ങളും സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തിയ ആളാണ് കോടിയേരിയെന്ന് അദ്ദേഹത്തിന്റെ നാട്ടുകാരനും ഇടതുപക്ഷ പ്രവാസി പ്രസ്ഥാനമായ 'ഓർമ' രക്ഷാധികാരിയുമായ രാജൻ മാഹി പറഞ്ഞു. പ്രവാസി പെൻഷൻ, മലയാളം മിഷൻ പോലുള്ള പദ്ധതികൾക്ക് അദ്ദേഹം മുൻകൈയെടുത്തിരുന്നു. നമ്മൾ പറയുന്നത് ശരിയാണെന്ന് തോന്നിയാൽ അത് സർക്കാറിന്റെ ശ്രദ്ധയിൽകൊണ്ടുവരാൻ അദ്ദേഹം ശ്രദ്ധിച്ചു. ഗൾഫിലെ സാംസ്കാരിക സംഘടനകൾ പ്രവാസികൾക്ക് ഗുണം ചെയ്യുന്ന രീതിയിൽ പ്രവർത്തിക്കണമെന്ന് എപ്പോഴും ഉപദേശിക്കുന്നയാളാണ്. യു.എ.ഇയിൽ എത്തുമ്പോഴെല്ലാം കണ്ടിരുന്നുവെന്നും അദ്ദേഹം ഓർത്തെടുക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

