അബൂദബിയിലേക്ക് പുറപ്പെട്ട യാത്രക്കാരിയെ വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചു
text_fieldsഎയർ ഇന്ത്യ എക്സ്പ്രസിൽ നിന്ന് ദുരനുഭവം നേരിട്ട ആബിദാബീവി മകൾക്കും പേരക്കുട്ടിക്കും ഒപ്പം അബൂബദിയിലെ വസതിയിൽ
ദുബൈ: അബൂദബിയിലേക്ക് യാത്രചെയ്യാനെത്തിയ വയോധികയെ യാത്രാവിലക്കുണ്ടെന്ന് ആരോപിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചതായി പരാതി. തിരുവനന്തപുരം സ്വദേശി ആബിദാബീവിക്കാണ് ഈ ദുരനുഭവം.
എന്നാൽ, മറ്റൊരു വിമാനത്തിൽ ആബിദാബീവി ഇന്ന് യു.എ.ഇയിലെത്തി. ഇക്കഴിഞ്ഞവെള്ളിയാഴ്ച രാത്രി തിരുവനന്തപുരത്ത് നിന്ന് അബൂദബിയിലേക്ക് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്രചെയ്യാനാണ് ആബിദാബീവി മകൾക്കും പേരകുട്ടിക്കുമൊപ്പമെത്തിയത്.
എമിഗ്രേഷൻ നടപടികൾ ഉൾപ്പെടെ പൂർത്തിയാക്കി വിമാനത്തിൽ കയറാൻ പത്ത് മിനിറ്റ് ബാക്കി നിൽക്കെയാണ് യാത്രാവിലക്കുണ്ടെന്ന് ആരോപിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ ആബിദാബീവിയുടെ ബോർഡിങ് പാസ് തിരിച്ചുവാങ്ങിയത്.
എല്ലാവരുടെയും യാത്രമുടങ്ങുന്നത് ഒഴിവാക്കാൻ ഉമ്മയേയും പേരക്കുട്ടിയേയും വീട്ടിലേക്ക് തിരിച്ചയച്ച മകൾ ജാസിൻ അബൂദബിയിലെത്തി യാത്രാവിലക്കുണ്ടോ എന്ന് അന്വേഷിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ നൽകിയവിവരം അടിസ്ഥാനമില്ലാത്തതാണ് എന്ന് വ്യക്തമായതോടെ ആബിദാബീവി പേരമകനൊപ്പം ഇൻഡിഗോ വിമാനത്തിൽ ഒരു തടസ്സവും നേരിടാതെ യു.എ.ഇയിയിലെത്തി.
തിരുവനന്തപുരത്തെ എമിഗ്രേഷൻ അധികൃതർ പോലും കണ്ടെത്താത്ത യാത്രാവിലക്ക് എങ്ങനെയാണ് നിങ്ങൾ കണ്ടെത്തിയത് എന്ന് അന്വേഷിച്ച് മകൾ എയർ ഇന്ത്യ എക്സ്പ്രസിന് അയച്ച ഇമെയിലിനും കോൾ സെന്‍ററിലേക്കുള്ള വിളികൾക്കും കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരുടെ വിചിത്രമായ നടപടിയിൽ ഏറെ പ്രയാസത്തിലാണീ പ്രവാസി കുടുംബം. തങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിനും മാനസികവിഷമങ്ങൾക്കും പരിഹാരം കാണുന്നതിന് തുടർ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് ഈ കുടുംബത്തിന്‍റെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

