യു.എ.ഇക്ക് പുതുപ്രതീക്ഷകളുടെ പുതുവർഷം
text_fieldsദുബൈ: പുതിയ വർഷത്തിൽ രാജ്യം നവീനമായ സംരംഭങ്ങൾക്കും പുതിയ മുന്നേറ്റങ്ങൾക്കും സാക്ഷ്യംവഹിക്കും. ഏറെ നിർണായകമായ തുടക്കങ്ങളാണ് 2026ൽ പ്രതീക്ഷിക്കപ്പെടുന്നത്. യു.എ.ഇ രൂപീകൃതമായി 55വർഷങ്ങൾ പിന്നിടുന്ന ചരിത്ര വർഷത്തിൽ ഇത്തിഹാദ് റെയിലിൽ പാസഞ്ചർ സർവീസിന്‍റെ ആരംഭം, പറക്കും ടാക്സികളുടെ പ്രവർത്തനമാരംഭിക്കൽ, ശീതള പാനീയങ്ങളുടെ നികുതി പഞ്ചസാരയുടെ അളവനുസരിച്ച് മാറുന്നത്, ഏകീകൃത ജി.സി.സി വിസ, ‘കുടുംബ വർഷാ’ചരണം, ഒറ്റത്തവണ പ്ലാസ്റ്റിക്കിന്‍റെ സമ്പൂർണ നിരോധനം തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ പ്രതിഫലനങ്ങൾ സൃഷ്ടിക്കുന്ന നടപടികൾക്കും മുന്നേറ്റങ്ങൾക്കുമാണ് തുടക്കമാകുന്നത്.
രാജ്യത്തെ ഗതാഗത രംഗത്ത് വലിയ മുന്നേറ്റത്തിനാകും ഇത്തിഹാദ് പാതയിലെ പാസഞ്ചർ സർവീസ് കാരണമാവുക. അബൂദബി, ദുബൈ, ഷാർജ, ഫുജൈറ എന്നിങ്ങനെ നാല് പാസഞ്ചർ സ്റ്റേഷനുകളാണ് നിലവിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. അബൂദബിയിലെ അൽ സിലയിൽ നിന്ന് ഫുജൈറ വരെ നീണ്ടുനിൽക്കുന്നതാണ് നിലവിൽ നിർമാണം പൂർത്തിയായിക്കഴിഞ്ഞ റെയിൽ പാത. മണിക്കൂറിൽ 200 കി.മീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ ട്രെയിനിന് കഴിയും. പ്രതിവർഷം 3.6 കോടി യാത്രക്കാർക്ക് ഇതുവഴി സേവനം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇത്തിഹാദ് റെയിൽ പദ്ധതി യാഥാർഥ്യമാകുന്നതോടെ രാജ്യത്തെ പ്രമുഖ നഗരങ്ങൾ തമ്മിലുള്ള യാത്ര സമയം ഗണ്യമായി കുറയുകയും ചെയ്യും.
അബൂദബിയിൽ നിന്ന് ദുബൈ യാത്രക്ക് 57 മിനിറ്റ് മാത്രം മതിയാകും. അബൂദബിയിൽ നിന്ന് ഫുജൈറയിലേക്ക് 105 മിനിറ്റിന്‍റെ യാത്ര മതി. വിവിധ എമിറേറ്റുകളിലെ വിനോദ സഞ്ചാരമേഖലക്കും പദ്ധതി കരുത്തു പകരും. ഈ വർഷം പറക്കും ടാക്സികൾ വിവിധ എമിറേറ്റുകളിൽ സർവീസ് ആരംഭിക്കുമെന്നും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ദുബൈയിൽ നിന്ന് സർവീസ് 2026ൽ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതോടൊപ്പം മേഖലയിലെ ആദ്യ മിഡ്നൈറ്റ് പറക്കും ടാക്സി അബൂദബിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിന് യു.എസ് ആസ്ഥാനമായ ആര്‍ചര്‍ ഏവിയേഷന്‍ നേരത്തെ കരാര്‍ ഒപ്പിട്ടിരുന്നു. യു.എ.ഇയില്‍ വാണിജ്യതലത്തില്‍ എയര്‍ടാക്സികള്‍ ആരംഭിക്കുന്നതിനായി സുപ്രധാനകേന്ദ്രങ്ങളില്‍ വെര്‍ട്ടിപോര്‍ട്ടുകള്‍ നിര്‍മിക്കുന്ന പദ്ധതിയും പുരോഗമിക്കുകയാണ്. ദുബൈക്കും അബൂദബിക്കുമിടയിലും മറ്റു എമിറേറ്റുകളിലേക്കും പറക്കും ടാക്സികൾ സർവീസ് ആരംഭിക്കുന്നത് വലിയ മുന്നേറ്റത്തിന് കാരണമാകും.
അതുപോലെ ഏറെക്കാലമായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജി.സി.സി ടൂറിസ്റ്റ് വിസ ഈ വർഷം പ്രതീക്ഷിക്കപ്പെടുന്നുണ്ട്. യൂറോപ്യൻ യൂനിയന്റെ ഷെങ്കൻ വിസ മാതൃകയിൽ ജി.സി.സി ഗ്രാൻഡ് ടൂർസ് വിസ എന്നറിയപ്പെടുന്ന സംവിധാനമായിരിക്കുമിത്. ഇത് യാഥാർഥ്യമാകുമ്പോൾ യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ തുടങ്ങിയ ആറു രാജ്യങ്ങളിൽ ഒറ്റ വിസയിൽ സന്ദർശിക്കാനാകും. ഏകീകൃത വിസ വരുന്നതോടെ ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ വിനോദസഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം നിയമ പരിഷ്കരണ മേഖലയിലും സുരക്ഷാ രംഗങ്ങളിലുമെല്ലാം കാലത്തിന് അനുസരിച്ച പുതിയ മാറ്റങ്ങൾ കൂടി പുതുവർഷത്തിൽ പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

