അബൂദബി മിനയില്‍ പുതിയ ഫിഷ് മാര്‍ക്കറ്റ് തുറന്നു
text_fieldsഅബൂദബി മിന വാണിജ്യകേന്ദ്രത്തില്‍ പുതുതായി തുറന്ന മത്സ്യമാര്‍ക്കറ്റിന്റെ ഉൾവശം
അബൂദബി: അബൂദബിയിലെ പ്രധാന വാണിജ്യ കേന്ദ്രമായ മിന സായിദ് ഡിസ്ട്രിക്ടില്‍ പുതിയ മത്സ്യമാര്‍ക്കറ്റും വിവിധ കച്ചവട സ്ഥാപനങ്ങളും തുറന്നു. ഒരു സൂപ്പര്‍മാര്‍ക്കറ്റിന് പുറമേ, 104 ഫ്രഷ് ഫിഷ് സ്റ്റാളുകള്‍, എട്ട് റസ്‌റ്റാറന്‍റുകള്‍, മത്സ്യം വൃത്തിയാക്കുന്നതിനായി 44 ക്ലീനിങ് കൗണ്ടറുകൾ എന്നിവയടക്കം വിപുല സംവിധാനങ്ങളോടെയാണ് മത്സ്യ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. ഉണക്കമീന്‍ ലഭ്യമാക്കാന്‍ എട്ട് സ്റ്റാളുകള്‍, നാല് പഴം-പച്ചക്കറി സ്റ്റാളുകള്‍, മൂന്ന് ഇതര വാണിജ്യ കിയോസ്‌കുകള്‍ എന്നിവയും ഉണ്ട്.
അബൂദബി മേഖലയിലെ മത്സ്യവ്യാപാരത്തിന്‍റെയും മത്സ്യബന്ധന വ്യവസായത്തിന്‍റെയും പാരമ്പര്യവും പൈതൃകവും ഒട്ടും ചോര്‍ന്നുപോവാത്ത രീതിയില്‍തന്നെയാണ് പുതിയ മത്സ്യമാര്‍ക്കറ്റും തയാറാക്കിയിരിക്കുന്നത്.
അബൂദബി മുനിസിപ്പാലിറ്റിയും ഗതാഗതവിഭാഗവും മോഡേണ്‍ പ്രോപ്പര്‍ട്ടീസുമായി സഹകരിച്ചാണ് ഏറെ പുതുമകളോടെ മാര്‍ക്കറ്റ് തുറന്നത്.
പൊതുവിപണികള്‍ വികസിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പിന്തുടരുകയും ഷോപ്പ് ഉടമകള്‍ക്ക് മികച്ച സേവനങ്ങളും സൗകര്യങ്ങളും നല്‍കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കിയുമാണ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുക. അബൂദബിയുടെ മത്സ്യബന്ധന വ്യാപാരത്തിന്‍റെ പൈതൃകവുമായി ബന്ധപ്പെട്ട തീമുകള്‍ ഉള്‍ക്കൊള്ളുന്ന ഡിസൈന്‍ സവിശേഷമായ ഷോപ്പിങ് അനുഭവം സമ്മാനിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 40 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന മത്സ്യമാര്‍ക്കറ്റാണ് മിന.
പുതുതായി തുറന്ന മാര്‍ക്കറ്റ് മത്സ്യവിപണിയുമായി ബന്ധപ്പെട്ട ബിസിനസുകളുടെ വളര്‍ച്ചക്ക് സംഭാവന നല്‍കുന്നതിന് പുറമെ, അതിന്‍റെ രൂപകല്‍പന കാരണം എമിറേറ്റിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും പ്രധാന ആകര്‍ഷണമായി മാറുമെന്നും മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പിലെ ഓപറേഷന്‍ അഫയേഴ്‌സ് ഡയറക്ടര്‍ ജനറല്‍ ഡോ. സാലിം അല്‍കാബി അഭിപ്രായപ്പെട്ടു. മിന സായിദ് പുനര്‍വികസന പദ്ധതിയുടെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും നിർദിഷ്ട സമയപരിധിക്കുള്ളില്‍ പദ്ധതി പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും മോഡേണ്‍ പ്രോപ്പര്‍ട്ടീസിലെ ഡെലിവറി ഡയറക്ടര്‍ അഹ്മദ് അല്‍ശൈഖ് അല്‍സാബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

