ദുബൈയിലെ കളിക്കളങ്ങൾക്ക് പുതിയ മുഖം
text_fieldsമോടി കൂട്ടിയ ബാസ്കറ്റ്ബാൾ കോർട്ട്
ദുബൈ: എമിറേറ്റിലുടനീളമുള്ള പൊതുപാർക്കുകൾ, വിനോദകേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ കളിക്കളങ്ങൾക്ക് പുതിയമുഖം നൽകി ദുബൈ മുനിസിപ്പാലിറ്റി. പെപ്സികോ, റെഡ്ബുൾ, ഡെലിവെറോ, പ്യൂമ, ഇന്റർകോണ്ടിനന്റൽ ടയേഴ്സ് തുടങ്ങി അന്താരാഷ്ട്ര കമ്പനികളുമായി സഹകരിച്ചാണ് സ്പോർട്സ് ഗ്രൗണ്ടുകളുടെ മോടികൂട്ടൽ പ്രവൃത്തി പൂർത്തീകരിച്ചത്. വൈവിധ്യവും സുസ്ഥിരവുമായ നഗര ഇടങ്ങൾ സൃഷ്ടിക്കുന്നതിൽ ദുബൈയുടെ കാഴ്ചപ്പാടുകൾ പ്രതിഫലിക്കുന്നതാണ് മനോഹരമായ ഇത്തരം സ്പോർട്സ് ഗ്രൗണ്ടുകളെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. മൻകൂൽ പാർക്ക്, അപ്ടൗൺ മിർദിഫ് പാർക്ക്, ഹോർ അൽ ആൻസ്, അൽ സത്വ, അൽ ബർഷ ലേക്, അൽ ജാഫിലിയ സ്ക്വയർ, അൽ വർഖ പാർക്ക് എന്നിവിടങ്ങളിലെ കളിക്കളങ്ങളാണ് നവീകരിച്ച് മനോഹരമാക്കിയത്.
കായിക പ്രവർത്തനങ്ങളെയും കലാപരമായ പ്രകടനങ്ങളെയും അതോടൊപ്പം സാമൂഹികമായ ഇടപെടലുകളെയും പ്രോത്സാഹിപ്പിക്കുന്നതിനായി കായിക മേഖലയിൽ ആധുനികമായ കലകളെ സംയോജിപ്പിച്ച് മൾട്ടിപർപ്പസ് ആയ സ്ഥലങ്ങൾ കൂടുതലായി സൃഷ്ടിക്കുകയാണ് നവീകരണത്തിലൂടെ ലക്ഷ്യമിട്ടത്. ഇത്തരം ഗ്രൗണ്ടുകൾ കേവലം കളിക്കളങ്ങൾ എന്നതിലുപരി ദുബൈയുടെ നഗരത്തിന്റെ ഭൂപ്രകൃതിക്ക് സംഭാവന നൽകുന്ന സാംസ്കാരികവും വിനോദപരവുമായ സ്ഥലങ്ങളായി പ്രവർത്തിക്കുന്നുണ്ടെന്ന് മുനിസിപ്പാലിറ്റി വിശദീകരിച്ചു.
ഉയർന്ന നിലവാരത്തിലുള്ള കായികപരമായ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം കലാപരമായ പ്രവർത്തനങ്ങൾ കൂടി സംയോജിപ്പിക്കുന്ന രീതിയിലുള്ള വ്യത്യസ്തമായ ഡിസൈനാണ് ഓരോ ഗ്രൗണ്ടുകളിലും ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ പ്രാദേശിക, അന്താരാഷ്ട്ര കലാകാരന്മാരുടെ ചിത്രരചന ഉൾപ്പെടെ ദുബൈയുടെ ഊർജ്ജസ്വലമായ സംസ്കാരവും കായിക രംഗവും പ്രതിഫലിക്കുന്ന ആർട്ട്വർക്കുകളും സ്ഥാപിച്ച് മനോഹരമാക്കിയിട്ടുണ്ട്. നവീകരണത്തിൽ പങ്കാളികളായ കമ്പനികളുടെ ലോഗോകളും ഡിസൈനുകളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അത്ലറ്റിക്സിനെയും കളിക്കാരുടെ നീക്കങ്ങളെയും ഉയർത്തിക്കാണിക്കുന്ന ഗ്രാഫിക്സാണ് ബാസ്കറ്റ് ബാൾ കോർട്ടിൽ ഉപയോഗിച്ചതെങ്കിൽ മൻകൂലിലെ പാർക്കിലുള്ള വോളിബാൾ കോർട്ട് പുനരുപയോഗ ടയറുകൾ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

