അൽ വസ്ൽ റോഡിൽ വൻ വികസനം വരുന്നു
text_fieldsഅൽ വസ്ൽ റോഡ് വികസന പദ്ധതിയുടെ രൂപരേഖ
ദുബൈ: നഗരത്തിലെ പ്രധാന നിരത്തുകളിലൊന്നായ അൽ വസ്ൽ റോഡിന്റെ മുഖച്ഛായ മാറ്റുന്ന വമ്പൻ പദ്ധതി പ്രഖ്യാപിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). തുരങ്കപാതകൾ, സൈക്കിൾ ട്രാക്കുകൾ, നടപ്പാതകൾ തുടങ്ങിയ സമഗ്രവികസന പദ്ധതിയാണ് പ്രഖ്യാപിച്ചത്. ആകെ 15 കി.മീറ്റർ പാതയാണ് പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്നത്. ഉമ്മു സുഖൈം, അൽ സഫ സ്ട്രീറ്റുകൾ ഉൾപ്പെടുന്ന മേഖലയിലെ റോഡ് ശൃംഖല വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആർ.ടി.എ അൽ വസ്ൽ റോഡ് നവീകരണ പദ്ധതി പ്രഖ്യാപിച്ചത്. 3580 മീറ്റർ നീളമുള്ള അഞ്ചു തുരങ്കപാതകൾ, ഇരുദിശകളിലേക്കുമായുള്ള മൂന്നുവരിപ്പാത എന്നിവയും പദ്ധതിയിലുണ്ട്. പ്രദേശത്തെ ആറ് ഇന്റർ സെക്ഷനുകളും നവീകരിക്കും.
ഉമ്മുസുഖൈം സ്ട്രീറ്റ് ഇന്റർസെക്ഷൻ മുതൽ സെക്കൻഡ് ഡിസംബർ സ്ട്രീറ്റ് ഇന്റർസെക്ഷൻ വരെ പതിനഞ്ചു കി.മീറ്റർ നീളുന്നതാണ് പദ്ധതി.നിർമാണം പൂർത്തിയായാൽ റോഡിന്റെ ഇരുദിശകളിലൂടെയും മണിക്കൂറിൽ 12,000 വാഹനങ്ങൾക്ക് കടന്നുപോകാം. യാത്ര സമയം നിലവിലുള്ളതിനേക്കാൾ പകുതിയായി കുറയുകയും ചെയ്യും. നടപ്പാതകൾ, സൈക്കിൾ ട്രാക്കുകൾ, ബൊളിവാഡുകൾ തുടങ്ങിയവ നിർമിച്ച് പ്രദേശത്തെ മനോഹരമാക്കും. ബീച്ചുകൾ, ഹോട്ടലുകൾ, ആഡംബര റസ്റ്റാറന്റുകൾ, താമസ മേഖലകൾ എന്നിവ ഉൾപ്പെടുന്ന വിനോദസഞ്ചാര സൗകര്യങ്ങൾ ഉൾപ്പെടുന്ന പ്രദേശത്താണ് പദ്ധതി യാഥാർഥ്യമാകുന്നത്. പത്തുലക്ഷം പേർക്ക് വികസനത്തിന്റെ ഗുണഫലം ലഭിക്കുമെന്ന് ആർ.ടി.എ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നഗരത്തിലെ മറ്റൊരു പ്രധാന സ്ട്രീറ്റായ ഉമ്മു സുഖൈമിലും ആർ.ടി.എ വമ്പൻ വികസനപദ്ധതി പ്രഖ്യാപിച്ചിരുന്നു. ജുമൈറ സ്ട്രീറ്റ് കവല മുതൽ അൽ ഖൈൽ റോഡ് വരെയുള്ള പാതയാണ് പദ്ധതിയിൽ നവീകരിക്കുന്നത്. പദ്ധതി പൂർത്തിയായാൽ ജുമൈറ സ്ട്രീറ്റിനും അൽഖൈൽ റോഡിനും ഇടയിലുള്ള യാത്രാസമയം 20 മിനിറ്റിൽ നിന്ന് ആറു മിനിറ്റായി കുറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

