ശിശുദിനത്തിൽ കുട്ടികൾക്ക് സ്നേഹയാത്ര
text_fieldsലോക ശിശുദിനത്തിൽ ദുബൈ താമസ കുടിയേറ്റ വകുപ്പ്
കുട്ടികൾക്കായി സംഘടിപ്പിച്ച ചരിത്രപഠന യാത്രയിൽനിന്ന്
ദുബൈ: ലോക ശിശുദിനത്തിൽ കേവല ആഘോഷങ്ങൾക്കപ്പുറം കുട്ടികൾക്ക് അറിവിന്‍റെയും അനുഭവത്തിന്‍റെയും പുതിയൊരു ലോകം തുറന്നുനൽകി ദുബൈയിലെ താമസ കുടിയേറ്റ വകുപ്പ് (ജി.ഡി.ആർ.എഫ്.എ). നിശ്ചയദാർഢ്യ വിഭാഗം കുട്ടികളെ ചേർത്തുപിടിച്ച് ദുബൈയുടെ ചരിത്ര വഴികളിലൂടെ ഒരുക്കിയ ബസ് യാത്ര വേറിട്ട കാഴ്ചയായി. ‘സായിദ് ആൻഡ് റാശിദ്’ എന്ന ആശയത്തിന്‍റെ ഭാഗമായിട്ടായിരുന്നു വ്യത്യസ്തമായ യാത്ര. വർത്തമാനകാലത്തിന്‍റെ പ്രൗഢിയിൽ ജീവിക്കുന്ന പുതുതലമുറയെ മണലാരണ്യത്തിൽ നിന്ന് വിസ്മയനഗരമായി മാറിയ ദുബൈയുടെ ഇന്നലെകളിലേക്ക് കൂട്ടിക്കൊണ്ടുപോവുക എന്നതായിരുന്നു യാത്രയുടെ ലക്ഷ്യം.
നഗരത്തിരക്കുകളിൽ നിന്നെല്ലാം മാറി, പഴയകാലത്തെ വാണിജ്യ പ്രൗഢി വിളിച്ചോതുന്ന അൽ റാസ് മാർക്കറ്റിൽ നിന്നായിരുന്നു തുടക്കം. പിന്നീട് ദുബൈ മുനിസിപ്പാലിറ്റി മ്യൂസിയത്തിലേക്ക്. അവിടെ, ഈ നാടിന്‍റെ വളർച്ചയുടെ ഓരോ ഘട്ടവും നാഴികക്കല്ലുകളും കുട്ടികൾ അത്ഭുതത്തോടെയും കൗതുകത്തോടെയും കണ്ടറിഞ്ഞു.ചരിത്രമുറങ്ങുന്ന ദുബൈ ക്രീക്കിലൂടെയുള്ള ബോട്ട് യാത്ര കുട്ടികളിൽ ഏറെ ആഹ്ലാദം നിറച്ചു. ഓളങ്ങൾക്കൊപ്പം ഉല്ലസിച്ച കുരുന്നുകൾക്ക് കൂട്ടായി പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളായ സാലവും സലാമയും കൂടെയെത്തിയതോടെ ആവേശം ഇരട്ടിയായി. വിനോദയാത്ര മാത്രമായിരുന്നില്ല, തിരിച്ചറിവിന്‍റെ യാത്ര കൂടിയായിരുന്നു അത്.
ഇന്ന് അനുഭവിക്കുന്ന സുഖസൗകര്യങ്ങൾക്ക് പിന്നിൽ പൂർവികർ ഒഴുക്കിയ വിയർപ്പിന്‍റെയും അധ്വാനത്തിന്‍റെയും കഥകൾ അവർ തിരിച്ചറിഞ്ഞു. സ്വന്തം വേരുകളെക്കുറിച്ചും പൈതൃകത്തെക്കുറിച്ചും കുട്ടികളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്. ഭാവി തലമുറയുടെ ക്ഷേമത്തിനൊപ്പം തന്നെ അവരെ സ്വന്തം സംസ്കാരവുമായി ചേർത്തുനിർത്താനുള്ള യു.എ.ഇ ഭരണകൂടത്തിന്‍റെ കരുതൽ കൂടിയാണ് ഈ സ്നേഹയാത്രയിലൂടെ അടയാളപ്പെടുത്തി വെക്കുന്നതെന്ന് ദുബൈ താമസ കുടിയേറ്റ വകുപ്പ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

