റാസല്‍ഖൈമയില്‍ വൻ മലിനജല ശുദ്ധീകരണശാല വരുന്നു; മൂന്നുലക്ഷം പേര് ഗുണഭോക്താക്കളാകും
text_fieldsമലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച കരാർ ഒപ്പുവെക്കൽ ചടങ്ങ്
റാസല്‍ഖൈമ: എമിറേറ്റില്‍ വിപുലമായ മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ച് അധികൃതര്‍. 60,000 ഘനമീറ്റര്‍ മലിനജലം ശുദ്ധീകരണ ശേഷിയുള്ള പദ്ധതി പൂര്‍ത്തിയായാല്‍ ഏകദേശം മൂന്ന് ലക്ഷം ആളുകള്‍ക്ക് ഇത് ഉപകാരപ്പെടും. പ്ലാന്റ് സ്ഥാപിച്ച് പ്രവര്‍ത്തനം തുടങ്ങുന്നതിന് റാക് പബ്ലിക് സര്‍വിസ് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ ‘ടക്ക’ വാട്ടര്‍ സൊലൂഷന്‍സ്, ഇത്തിഹാദ് വാട്ടര്‍ ആൻഡ് ഇലക്ട്രിസിറ്റി, സോര്‍ ഇന്റര്‍നാഷനല്‍ എന്നിവ ഉള്‍പ്പെടുന്ന കണ്സോർട്ട്യവുമായി സ്വീവേജ് ട്രീറ്റ്മെന്റ് എഗ്രിമെന്റ്(എസ്.ടി.എ) ഒപ്പുവെച്ചു.
റാസല്‍ഖൈമയിലെ മലിനജലവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ നവീകരണം, സുസ്ഥിര നഗര വികസനം, പരിസ്ഥിതി സംരക്ഷണം, ഉയര്‍ന്ന നിലവാരത്തിലുള്ള പൊതുസേവനം എന്നിവയാണ് ലക്ഷ്യമിടുന്നതെന്ന് റാക് പൊതുമരാമത്ത് സേവന വകുപ്പ് ചെയര്മാന് ശൈഖ് അഹമ്മദ് ബിന്‍ സഊദ് അല്‍ ഖാസിമി പറഞ്ഞു. റാസല്‍ഖൈമയുടെ ആദ്യ പൊതു-സ്വകാര്യ പങ്കാളിത്ത (പി.പി.പി) പദ്ധതി എന്ന നിലയില്‍ ഭാവിയില്‍ അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികളില്‍ സ്വകാര്യ മേഖലയുമായുള്ള സഹകരണത്തിന് ഇതിലൂടെ പുതുവഴികള്‍ തുറക്കും.
ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുള്ള ഭരണ നേതൃത്വത്തിന്റെ പ്രതിബദ്ധതയാണ് കരാര്‍ പ്രതിഫലിപ്പിക്കുന്നത്. ബില്‍ഡ്, ഓണ്‍, ഓപറേറ്റ്, ട്രാന്‍സ്ഫര്‍(ബി.ഒ.ഒ.ടി) മാതൃകയിലാണ് പദ്ധതി നടപ്പാക്കുന്നത്. രൂപകൽപന, ധനസമാഹരണം, നിര്‍മാണം, പ്രവര്‍ത്തനം, പരിപാലനം എന്നിവ കോണ്സോർട്ട്യം കൈകാര്യം ചെയ്യും.
കരാര്‍ കാലാവധി അവസാനിക്കുമ്പോൾ എല്ലാ ആസ്തികളും പബ്ലിക് സര്‍വിസ് ഡിപ്പാര്‍ട്ട്മെന്റിന് കൈമാറുന്നതാണ് കരാറെന്നും ശൈഖ് ഹമ്മദ് വ്യക്തമാക്കി.
പദ്ധതി നടപ്പാകുന്നതോടെ ശുദ്ധീകരണ പ്രക്രിയകകള്‍ കാര്യക്ഷമമാവുകയും പ്രവര്‍ത്തന വിശ്വാസ്യത വര്‍ധിക്കുകയും ചെയ്യുമെന്ന് പബ്ലിക് സര്‍വിസ് ഡയറക്ടര്‍ ജനറല്‍ എൻജിനീയര്‍ ഖാലിദ് ഫദല്‍ അല്‍ അലി പറഞ്ഞു. റാസല്‍ഖൈമയിലെ ആദ്യ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതി (പി.പി.പി) എന്ന നിലയില്‍ പദ്ധതിക്ക് പ്രത്യേക പ്രാധാന്യമുണ്ട്.
അടിസ്ഥാന സൗകര്യ പദ്ധതികളില്‍ സ്വകാര്യ സഹകരണത്തിന് പ്രായോഗിക മാതൃകയാണ്. ദീര്‍ഘകാല നിക്ഷേപ സാധ്യതകള്‍ക്ക് ഇത് പുതിയ വഴികള്‍ തുറക്കുമെന്നും ഖാലിദ് അലി അഭിപ്രായപ്പെട്ടു. മലിനജല അടിസ്ഥാന സൗകര്യങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്ന പ്രായോഗിക നടപടിയാണ് കരാറെന്ന് ഇത്തിഹാദ് വാട്ടര്‍ ആൻഡ് ഇലക്ട്രിസിറ്റി സി.ഇ.ഒ എൻജിനീയര്‍ യൂസഫ് അഹമ്മദ് അല്‍ അലി പറഞ്ഞു. പുനരുപയോഗ ജലം വിതരണം ചെയ്യുന്ന മേഖലയിലെ ‘ടക്ക’ വാട്ടര്‍ സൊലൂഷന്‍സിന്റെ ആദ്യ വലിയ പദ്ധതിയാണിതെന്ന് സി.ഇ.ഒ എന്‍ജിനീയര്‍ അഹമ്മദ് അല്‍ശംസി പറഞ്ഞു.
റാസല്‍ഖൈമയെ സുസ്ഥിര വിനോദ കേന്ദ്രമായും ജീവസുറ്റ സാമ്പത്തിക ഹബ്ബായും വികസിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ ലക്ഷ്യങ്ങളെ പദ്ധതി പിന്തുണക്കുന്നതായും അഹമ്മദ് അല്‍ശംസി തുടര്‍ന്നു.
പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ 6.3 കി. മീറ്റര്‍ ദൈര്‍ഘ്യമുള്ള ഗ്രാവിറ്റി പൈപ്പ് ലൈന്‍ വഴി മലിന ജലം ശേഖരിക്കുകയും 25 കി.മീറ്റര്‍ വരെ വ്യാപിക്കുന്ന ശൃംഖലയിലൂടെ ശുദ്ധീകരിച്ച ജലം വിതരണം നടക്കുകയും ചെയ്യും. ശുദ്ധീകരിച്ച ജലം 100 ശതമാനം പുനരുപയോഗം ചെയ്ത് ജലസേചനം, കൂളിങ് തുടങ്ങിയ ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

