റാസൽഖൈമയിൽ വമ്പന്‍ വാണിജ്യകേന്ദ്രം ഒരുങ്ങുന്നു; 2027ഓടെ പ്രവര്‍ത്തനം തുടങ്ങും
text_fieldsറാക് സെൻഡ്രൽ രൂപരേഖ
റാസല്‍ഖൈമ: വടക്കന്‍ എമിറേറ്റുകളിലെ മെഗാ ബിസിനസ് ഡിസ്ട്രിക്റ്റായി മാറുമെന്ന് വിലയിരുത്തപ്പെടുന്ന റാക് സെന്‍ട്രലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങൾ ആരംഭിക്കുകയാണെന്ന് റാക് സെന്‍ട്രല്‍ മാസ്റ്റര്‍ ഡെവലപ്പര്‍ മര്‍ജാന്‍. പ്രഥമഘട്ട നിര്‍മാണം പൂര്‍ത്തിയാക്കി 2027ഓടെ ആദ്യ ബിസിനസ് ടീമിനെ സ്വാഗതം ചെയ്യുകയാണ് ലക്ഷ്യമെന്ന് മര്‍ജാന്‍ സി.ഇ.ഒ അബ്ദുല്ല അല്‍ അബ്ദുലി പറഞ്ഞു. 4000ത്തിലേറെ റസിഡന്‍ഷ്യല്‍ യൂനിറ്റുകള്‍, 1000ത്തിലേറെ മുറികളുള്‍പ്പെടുന്ന ഹോട്ടല്‍, പരസ്പരബന്ധിതമായ അഞ്ച് ഓഫിസ് കെട്ടിടങ്ങള്‍, നഗര-ബിസിനസ് ഹോട്ടലുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാകും അല്‍ മര്‍ജാന്‍ ഐലന്റിന് സമീപം ഉയരുന്ന റാക് സെന്‍ട്രല്‍. 8.3 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള റാക് സെന്‍ട്രല്‍ ബിസിനസ് സെന്റര്‍ 6000ലേറെ പ്രഫഷനലുകളെ ഉള്‍ക്കൊള്ളും.
റാക് സെന്‍ട്രല്‍ നിക്ഷേപകര്‍ക്ക് മുന്നില്‍ തുറക്കുന്നത് വലിയ അവസരമാണ്. ഇപ്പോഴത്തെ നിക്ഷേപകര്‍ക്ക് വരും നാളുകളില്‍ 15-20 ശതമാനം വരെ വരുമാനനേട്ടം സമ്മാനിക്കും. ഇന്ന് റാസല്‍ഖൈമയുടെ റിയല്‍ എസ്റ്റേറ്റ് വിപണി ആഗോള ശ്രദ്ധാകേന്ദ്രമാണ്. അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 45,000 റസിഡന്‍ഷ്യല്‍ യൂനിറ്റുകള്‍ റാസല്‍ഖൈമയില്‍ ആവശ്യമായി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇതിലേക്ക് ഗണ്യമായ സംഭാവന റാക് സെന്‍ട്രല്‍ നല്‍കും. റാസല്‍ഖൈമയുടെ സാമ്പത്തിക വളര്‍ച്ചയുടെ പുതിയ യുഗത്തിന് തുടക്കമിടുന്നതാണ് റാക് സെന്‍ട്രല്‍. ഹോസ്പിറ്റാലിറ്റി, ടൂറിസം, റീട്ടെയില്‍, ഫിനാന്‍സ്, ലോജിസ്റ്റിക്സ്, കണ്‍സ്ട്രക്ഷന്‍ എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന ബിസിനസ് മേഖലകളില്‍ മള്‍ട്ടിനാഷനല്‍ കമ്പനികളുടെ നിക്ഷേപം റാക് സെന്‍ട്രലില്‍ എത്തുന്നതോടെ രാജ്യത്തിന്റെ സുസ്ഥിര വികസനത്തിനും സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

