‘വർക്ക് ബണ്ടിൽ’ വൻ വിജയം: സർക്കാർ സേവനങ്ങൾ അതിവേഗം
text_fieldsഅബൂദബി: ഉദ്യോഗസ്ഥരുടെ ഇടപെടൽ കുറച്ച് യു.എ.ഇ മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയവുമായി ബന്ധപ്പെട്ട സേവനങ്ങൾ സുഗമവും സുതാര്യവുമാക്കുന്നതിനായി കൊണ്ടുവന്ന ‘വർക്ക് ബണ്ടിൽ’ ഡിജിറ്റൽ സംവിധാനം വൻ വിജയമെന്ന് മന്ത്രാലയ അധികൃതർ അറിയിച്ചു. തൊഴിൽ നിയമനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ 72 ശതമാനവും ഡേറ്റ എൻട്രി മേഖലകളിൽ 93 ശതമാനവും ആവശ്യമായ രേഖകളുടെ എണ്ണം 79 ശതമാനവും കുറക്കാൻ സാധിച്ചതായി മന്ത്രാലയം വ്യക്തമാക്കി.
അപേക്ഷകർ നേരിട്ടെത്തുന്നത് 77 ശതമാനം കുറഞ്ഞു. ഇടപാടുകൾ പൂർത്തിയാക്കാൻ എടുക്കുന്ന സമയത്തിൽ 83 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. ‘വർക്ക് ഇൻ ദി യു.എ.ഇ’ എന്ന സംയോജിത ഡിജിറ്റൽ പ്ലാറ്റ്ഫോമിന്റെ ഭാഗമായാണ് വർക്ക് ബണ്ടിൽ സംവിധാനം കൊണ്ടുവന്നത്. സ്വകാര്യ മേഖലയിലെ കമ്പനികൾക്കും വ്യക്തികൾക്കും തൊഴിൽ, താമസ നടപടിക്രമങ്ങൾ കാര്യക്ഷമമായി പൂർത്തിയാക്കാൻ സഹായകരമാവുന്ന സേവനങ്ങളാണ് ‘വർക്ക് ബണ്ടിൽ’ സംവിധാനത്തിൽ ഉൾപ്പെടുത്തിയത്.
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി, എമിറേറ്റ്സ് ഹെൽത്ത് സർവിസസ്, ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (ടി.ഡി.ആർ.എ), അബൂദബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് എന്നിവയുമായി സഹകരിച്ചാണ് ‘വർക്ക് ബണ്ടിൽ’ മുഖേന സേവനങ്ങൾ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

