17 ഫുട്ബാൾ മൈതാനങ്ങളുടെ വലുപ്പം; ഷാർജയിൽ വമ്പൻ പാർക്ക് തുറന്നു
text_fieldsഷാർജയിലെ അൽ ഖറാഇൻ പാർക്ക്-2 മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഉബൈദ് സഈദ്
അൽ തുനൈജി ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: 17 ഫുട്ബാൾ മൈതാനങ്ങളുടെ വലുപ്പമുള്ള പുതിയ പാർക്ക് ഷാർജയിൽ തുറന്നു. മുനിസിപ്പൽ കൗൺസിലും ഷാർജ സിറ്റി മുനിസിപ്പാലിറ്റിയും ചേർന്നാണ് അൽ ഖറാഇൻ പാർക്ക്-2 ഉദ്ഘാടനം ചെയ്തത്. പാർക്കിന് 70,085 ചതുരശ്ര മീറ്റർ (ഏകദേശം 17.3 ഏക്കർ) വിസ്തീർണമാണുള്ളത്.
എമിറേറ്റിൽ ഹരിത ഇടങ്ങൾ വ്യാപിപ്പിക്കുകയും ഓരോ മേഖലയിലും ഒരു പാർക്കെങ്കിലും സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് ഷാർജ സർക്കാറിന്റെ ലക്ഷ്യം. കഴിഞ്ഞ വർഷം ഷാർജ മുനിസിപ്പാലിറ്റി നടപ്പാക്കിയ കാർഷിക പദ്ധതികളുടെ ഭാഗമാണ് അൽ ഖറാഇൻ പാർക്ക് തുറന്നത്. ഷാർജ ഫെസ്റ്റിവലിന്റെ ആറാമത് പതിപ്പിനോട് അനുബന്ധിച്ചാണ് പാർക്കിന്റെ ഉദ്ഘാടനമെന്ന് ഷാർജ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഉബൈദ് സഈദ് അൽ തുനൈജി പറഞ്ഞു.
ഷാർജയിൽ 70ലധികം പാർക്കുകൾ താമസക്കാർക്കും സന്ദർശകർക്കും വിവിധ തരത്തിലുള്ള കായിക വിനോദങ്ങൾ ആസ്വദിക്കാനും വിശ്രമിക്കാനും പരിശീലിക്കാനും സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. കുട്ടികൾക്കും വിദ്യാർഥികൾക്കുമായി വൈവിധ്യമാർന്ന വിനോദ വിദ്യാഭ്യാസ ശിൽപശാലകൾ നടത്താൻ പാർക്കുകൾ വേദിയൊരുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫുട്ബാൾ മൈതാനം, കുട്ടികൾക്കുള്ള കളിസ്ഥലം, നിശ്ചയദാർഢ്യ വിഭാഗം കുട്ടികൾക്കുള്ള കളിസ്ഥലം, ഇരിപ്പിടങ്ങൾ, ടോയ്ലറ്റുകൾ, 112 പരിസ്ഥിതി സൗഹൃദ ലൈറ്റിങ് തൂണുകൾ എന്നിവയും പാർക്കിൽ സ്ഥാപിച്ചിട്ടുണ്ട്.
ഷാർജ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ സാലിം അലി അൽ മുഹൈരി, മുവൈലെ സബർബ് കൗൺസിൽ ചെയർമാൻ ഖാലിദ് അബ്ദുല്ല അൽ റബൂയി, അൽ ഹംരിയ മുനിസിപ്പാലിറ്റി ഡയറക്ടർ മുബാറക് അൽ ഷംസി, ഷാർജ കൗൺസിൽ അംഗങ്ങളും നഗരസഭ ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

