ദുബൈയിൽ എട്ടുവരിയിൽ വമ്പൻ പാലം വരുന്നു
text_fieldsദുബൈ ക്രീക്കിന് മുകളിലൂടെ നിർമിക്കുന്ന പുതിയ പാലത്തിന്റെ രൂപരേഖ
ദുബൈ: ബര് ദുബൈക്ക് ചുറ്റുമുള്ള ഗതാഗതം സുഗമമാക്കുന്നതിനായി ദുബൈ ക്രീക്കിനു മുകളിലൂടെ എട്ടുവരിയുള്ള കൂറ്റൻ പാലത്തിന്റെ നിർമാണം പ്രഖ്യാപിച്ച് ദുബൈ റോഡ്സ് ഗതാഗത അതോറിറ്റി (ആര്.ടി.എ). ബര്‍ദുബൈയില്‍നിന്ന് ദുബൈയിലേക്ക് നേരിട്ട് പ്രവേശനം സാധ്യമാക്കുന്ന പാലത്തിന്റെ നിർമാണത്തിന് കരാര്‍ നല്‍കിയതായി ആര്.ടി.എ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. 1425 മീറ്റര്‍ നീളത്തിൽ നിർമിക്കുന്ന പാലത്തിന്റെ ഇരു ദിശയിലേക്കും നാലുവരികള്‍ വീതമുണ്ടാകും. 78.6 കോടി ദിര്‍ഹമാണ് നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്.
ദുബൈ ക്രീക്കിനു കുറുകെ നിര്‍മിക്കുന്ന പുതിയ പാലം ഇന്‍ഫിനിറ്റി പാലത്തെ റാശിദ് തുറമുഖ വികസന മേഖലയുമായി ബന്ധിപ്പിക്കുന്നതാണ്. ഇരുദിശകളിലേക്കുമായി മണിക്കൂറില്‍ 16,000ത്തിലേറെ വാഹനങ്ങള്‍ക്ക് ഒരേ സമയം പാലത്തിലൂടെ കടന്നുപോകാനാവും. ദുബൈ ക്രീക്കിന്റെ ഉപരിതലത്തില്‍നിന്ന് 18.5 മീറ്റര്‍ ഉയരത്തിലൂടെയാവും പുതിയ പാലം നിര്‍മിക്കുക. ഇതുവഴി വിവിധ തരം കപ്പലുകള്‍ക്ക് പാലത്തിന്റെ അടിയിലൂടെ തടസ്സമില്ലാതെ കടന്നുപോവാനാവും. കാല്‍നടയാത്രികര്‍ക്കും സൈക്കിള്‍ യാത്രികര്‍ക്കുമായി പ്രത്യേക പാതകളും പാലത്തിലുണ്ടാവും. അല്‍ ശിന്ദഗ ഇടനാഴി വികസനപദ്ധതിയുടെ ഭാഗമായാണ് പാലം നിർമിക്കുന്നത്.
ആര്.ടി.എയുടെ പ്രധാന അടിസ്ഥാന സൗകര്യ വികസനപദ്ധതികളിലൊന്നാണ് അൽ ശിന്ദഗ ഇടനാഴി വികസനം. ദുബൈ ദ്വീപുകള്‍, ദുബൈ മാരിടൈം സിറ്റി, റാശിദ് തുറമുഖം എന്നിവയുള്‍പ്പെടെയുള്ള പ്രധാന വികസന മേഖലകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനൊപ്പം ദേര, ബര്‍ദുബൈ എന്നിവിടങ്ങളിലേക്ക് ഗതാഗതം സുഗമമാക്കുന്നതും തിരക്ക് കുറക്കുന്നതും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. ഇതിനു പുറമെ ദുബൈ ദ്വീപുകളുടെയും ബര് ദുബൈയിലേയും നിലവിലുള്ള റോഡുകളുമായി പാലത്തെ ബന്ധിപ്പിക്കുന്നതിന് 2000 മീറ്റര്‍ നീളത്തില്‍ ഉപരിതല റോഡുകളും നിര്‍മിക്കുമെന്ന് ആര്.ടി.എ ഡയറക്ടര്‍ ജനറലും എക്സിക്യൂട്ടിവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മത്താര്‍ അല്‍ തായര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

