മുഷ്രിഫ് പാർക്കിൽ ഹൈക്കിങ് പരിശീലന ട്രാക്ക് ഒരുങ്ങുന്നു
text_fieldsമുഷ്രിഫ് പാർക്കിൽ സന്ദർശനം നടത്തുന്നവർ
ദുബൈ: മുഷ്രിഫ് പാർക്കിൽ ഹൈക്കിങ് പരിശീലനത്തിന് പുതിയ ട്രാക്ക് ഒരുങ്ങുന്നു. കാടിനകത്ത് 9.7 കിലോമീറ്റർ നീളമുള്ള ട്രാക്കാണ് ദുബൈ മുനിസിപ്പാലിറ്റി പുതുതായി നിർമിക്കുന്നത്. ഈ മാസം അവസാനത്തോടെ നിർമാണം പൂർത്തിയാവും. തുടക്കക്കാർക്കും പ്രഫഷനൽ താരങ്ങൾക്കും ഒരുപോലെ പരിശീലനം നടത്താവുന്ന വിധത്തിൽ രണ്ടു ട്രാക്കുകളുണ്ട്.
വിനോദ സഞ്ചാരികൾക്ക് കാനനക്കാഴ്ചകൾ ആസ്വദിച്ച് നടക്കാവുന്ന രീതിയിൽ മഞ്ഞ നിറം നൽകിയ 8.3 കിലോമീറ്റർ ട്രാക്കും പ്രഫഷനൽ കായിക താരങ്ങൾക്ക് പരിശീലനം നടത്താവുന്ന 1.4 കിലോമീറ്റർ നീളമുള്ള ഓറഞ്ച് ട്രാക്കുമാണ് ക്രമീകരിച്ചിരിക്കുന്നത്.ജൂൺ 20ന് ട്രാക്കുകൾ തുറക്കും. അന്നേ ദിവസം പ്രവേശനം സൗജന്യമായിരിക്കും. ദിശ ബോർഡുകൾ, തടികൊണ്ടുള്ള ഗോവണിപ്പാതകൾ, ബൈക്ക് ട്രാക്ക് മുറിച്ചുകടക്കുന്ന പാലങ്ങൾ, ചരിവുകൾ, വിശ്രമസ്ഥലങ്ങൾ എന്നിവ പാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സുരക്ഷിതമായി ട്രാക്കുകൾ ഉപയോഗിക്കാനുള്ള മാർഗനിർദേശങ്ങളടങ്ങിയ സൈൻ ബോർഡുകളും മുനിസിപ്പാലിറ്റി സ്ഥാപിച്ചിട്ടുണ്ട്.
അത്യാവശ്യ സന്ദർഭങ്ങളിൽ ഫോൺ കൈവശംവെക്കുക, ആവശ്യത്തിന് കുടിവെള്ളം കരുതുക, ശരിയായ വസ്ത്രം ധരിക്കുക, പാദരക്ഷകൾ, കാൽനടയാത്രക്കുള്ള സുരക്ഷ ഉപകരണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. രക്ഷിതാക്കൾക്കൊപ്പം 12നും 15നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ട്രാക്ക് ഉപയോഗിക്കാം.
നിലവിൽ 50 കിലോമീറ്റർ നീളമുള്ള മണൽ ട്രാക്കുകൾ മുഷ്രിഫ് പാർക്കിൽ നേരത്തേ ഒരുക്കിയിട്ടുണ്ട്. ഇതു കൂടാതെയാണ് സ്പോർട്സ് പ്രേമികളെ ആകർഷിക്കുന്നതിനായി പുതിയ കാൽനട ട്രാക്കുകൾ നിർമിക്കുന്നത്.
നിർദേശങ്ങൾ പാലിക്കണമെന്നും നിശ്ചിത ട്രാക്കുകളിലൂടെ മാത്രമേ പരിശീലനം നടത്താവൂവെന്നും നിർദേശമുണ്ട്. തീയിടുന്നതിനും ഭക്ഷണ പാകം ചെയ്യുന്നതിനും രാത്രിയിൽ കാടിനകത്ത് താമസിക്കുന്നതിനും വിലക്കുണ്ട്. മറ്റ് നിരവധി സവിശേഷതകളും പാർക്കിൽ ഒരുക്കിയിട്ടുണ്ട്. മരംകൊണ്ടു നിർമിച്ച മനോഹരമായ കോണിപ്പടികൾ, പാലങ്ങൾ, വിവിധ രൂപത്തിലുള്ള ശിൽപങ്ങൾ, കുത്തനെയുള്ള ചരിവുകൾ, വിശ്രമസ്ഥലം എന്നിവ സന്ദർശകർക്ക് നവ്യാനുഭവം സമ്മാനിക്കും.
മുഷ്രിഫ് പാർക്കിലെ വന്യമൃഗങ്ങളെയും പ്രകൃതിഭംഗിയേയും ആസ്വദിക്കാവുന്ന രീതിയിലാണ് പുതിയ സംവിധാനങ്ങൾ ക്രമീകരിച്ചതെന്ന് ദുബൈ മുനിസിപ്പാലിറ്റിയിലെ പ്ലബിക് പാർക്സ് ആൻഡ് റിക്രിയേഷനൽ ഫെസിലിറ്റീസ് ഡിപ്പാർട്ട്മെന്റ് ഡയറക്ർ അഹമ്മദ് അൽ സറൂണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

