വീരമൃത്യുവരിച്ച സൈനികർക്ക് വീരോചിതമായ വിട
text_fieldsഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യുവരിച്ച സൈനികരുടെ മൃതദേഹങ്ങൾ പൂർണ ബഹുമതികളോടെ സൈന്യം ഏറ്റുവാങ്ങുന്നു
ദുബൈ: ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യുവരിച്ച രണ്ട് സൈനികർക്ക് അന്ത്യാഞ്ജലി അർപ്പിച്ച് യു.എ.ഇ. അബൂദബി സായിദ് സൈനിക ആശുപത്രിയിൽ നടന്ന ചടങ്ങിൽ സൈനികരുടെ ബന്ധുക്കൾ, മുതിർന്ന നേതാക്കൾ, സൈനിക ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പൂർണ ബഹുമതികളോടെയായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ സൈന്യം ഏറ്റുവാങ്ങിയത്. രക്തസാക്ഷികളുടെ ബന്ധുക്കൾക്ക് അഗാധമായ അനുശോചനം അറിയിക്കുന്നതായി പ്രതിരോധ മന്ത്രാലയം വാർത്ത കുറിപ്പിൽ അറിയിച്ചു.
ക്യാപ്റ്റൻ സഈദ് അൽ ബലൂഷി, ഫസ്റ്റ് ലഫ്റ്റനന്റ് അലി സാലിഹ് ഇസ്മായിൽ അൽ തനൂജി എന്നിവരാണ് തിങ്കളാഴ്ച നടന്ന ഹെലികോപ്റ്റർ അപകടത്തിൽ രക്തസാക്ഷികളായത്. ദേശീയ ദൗത്യത്തിനിടെ സാങ്കേതിക തകരാറുമൂലം ഹെലികോപ്ടർ തകർന്നുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. റാസൽഖൈമയിലെ അൽ റാസ് അബ്ദുല്ല അലി ഇബ്രാഹിം അൽ അമാഷ് പള്ളിയിലായിരുന്നു ഫസ്റ്റ് ലഫ്റ്റനന്റ് അൽ തനൂജിയുടെ മയ്യിത്ത് നമസ്കാരം.
യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമിയും മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുത്തു. പ്രതിരോധ മേഖലയിൽ രക്തസാക്ഷികൾ അർപ്പിച്ച ആത്മാർഥതയും ത്യാഗവും രാജ്യം എന്നും സുവർണ ലിപികളാൽ രേഖപ്പെടുത്തുമെന്നും ജനങ്ങളുടെ മനസിൽ അവർ എനും അഭിമാനത്തോടെ ഓർക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അൽഐനിൽ ളുഹുർ നമസ്കാരത്തിന് ശേഷമാണ് ക്യാപ്റ്റൻ സഈദ് റാശിദ് ഹമദ് അൽ ബലൂഷിയുടെ മയ്യിത്ത് നമസ്കാരം നടന്നത്. ഒമാൻ, ഹബ്റൈൻ, സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ അദ്ദേഹത്തിന് അനുശോചനം അറിയിക്കാൻ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

