Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒരുമയിൽ അലിഞ്ഞ്​ വലിയ...

ഒരുമയിൽ അലിഞ്ഞ്​ വലിയ പെരുന്നാൾ

text_fields
bookmark_border
ഒരുമയിൽ അലിഞ്ഞ്​ വലിയ പെരുന്നാൾ
cancel

ദുബൈ: ഭക്​തിനിർഭരവും ഉല്ലാസഭരിതവുമായ അന്തരീക്ഷത്തിൽ യു.എ.ഇയിൽ ഈദുൽ അദ്ഹ ആഘോഷം. രാജ്യത്തുടനീളം, മസ്ജിദുകളിൽ വലിയ തോതിൽ വിശ്വാസികൾ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തു.തുടർന്ന് കുടുംബങ്ങളും സുഹൃത്തുക്കളും പരസ്പരം ആശംസകൾ കൈമാറി. ദുബൈയിലെ മസ്ജിദുകൾ ബുധനാഴ്ച പുലർച്ചെ തന്നെ നമസ്കാരത്തിനായി വിശ്വാസികളെ വരവേറ്റു. രാവിലെ 5.42 നും 5.56 നും ഇടയിലായിരുന്നു യു.എ.ഇയിലെ പെരുന്നാൾ നമസ്കാരം. പുലർകാലത്തെ നിശബ്ദതയെ ഭേദിച്ച് പെരുന്നാൾ തക്ബീർ ധ്വനികൾ മുഴങ്ങിയതോടെ പുതുവസ്ത്രങ്ങളണിഞ്ഞ്​ പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടക്കം മസ്ജിദുകളിലേക്ക് നീങ്ങി. നമസ്കാര സമയത്തിന്​ ഏറെ മുമ്പേ വിശ്വാസികൾ ഒഴുകിയെത്തിയതോടെ മസ്ജിദുകളിലെ പ്രാർഥനാ ഹാളുകളും പുറത്തെ തുറസ്സായ സ്ഥലങ്ങളും നിറഞ്ഞുകവിഞ്ഞു.

അബൂദബി, ഷാർജ തുടങ്ങി മറ്റ് എമിറേറ്റുകളിലും സമാനമായ കാഴ്ചകളായിരുന്നു. പ്രവാസികൾ അടക്കമുള്ളവർ പരസ്പരം ആലിംഗനം ചെയ്തും പ്രാർഥിച്ചും പെരുന്നാൾ ആശംസകൾ പങ്കുവെച്ചു. വൈകീട്ട്​ പാർക്കുകൾ അടക്കമുള്ള ഇടങ്ങളിലെല്ലാം കുടുംബങ്ങളുടെ തിരക്കായിരുന്നു. ഈദ്​ ആഘോഷം മുൻനിർത്തി അധികൃതർ വേണ്ട സജ്ജീകരണങ്ങളുമൊരുക്കിയിരുന്നു.

യു.എ.ഇ പ്രസിഡന്റ് ​ശൈഖ്​ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ അബൂദബിയിലെ ശൈഖ്​ സായിദ് ഗ്രാൻഡ് മസ്ജിദിൽ ഈദുൽ അദ്ഹ നമസ്കാരം നിർവഹിച്ചു. സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ്​ ഹുമൈദ് ബിൻ റാശിദ് ആൽ നുഐമി അജ്മാനിലെ അൽ സഹർ പാലസ് മസ്ജിദിൽ ഈദ് നമസ്കാരം നിർവഹിച്ചു. ശൈഖ്​ സഖർ ബിൻ മുഹമ്മദ് ആൽ ഖാസിമി മസ്ജിദിലായിരുന്നു സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ്​ സൗദ് ബിൻ സഖർ ആൽ ഖാസിമിയുടെ ഈദ് നമസ്കാരം.ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മഖ്​തൂം ദുബൈയിലെ സബീൽ ഗ്രാൻഡ് മസ്ജിദിൽ ഈദ് നമസ്കാരം നിർവഹിച്ചു.

സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമി ഷാർജ മസ്ജിദിലും സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ശൈഖ്​ സഊദ് ബിൻ റാശിദ് ആൽ മുഅല്ല, ശൈഖ്​ അഹമ്മദ് ബിൻ റാശിദ് ആൽ മുഅല്ല മസ്ജിദിലും ഈദ് നമസ്കാരം നിർവഹിച്ചു. സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ്​ ഹമദ് ബിൻ മുഹമ്മദ് ആൽ ശർഖി ഫുജൈറയിലെ ശൈഖ്​ സായിദ് ഗ്രാൻഡ് മസ്ജിദിലാണ്​ ഈദുൽ അദ്ഹ നമസ്കാരം നിർവഹിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiabudabiGulf Newsu.a.e
News Summary - A great festival of unity
Next Story