ദുബൈയില്‍ വാഹനം മറിഞ്ഞ് അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം
text_fieldsനയോമി
ജോബിൻ
ദുബൈ: നാട്ടിൽനിന്ന് അവധി കഴിഞ്ഞ് തിരികെ വരുന്നതിനിടെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് അഞ്ചു വയസ്സുകാരിക്ക് ദുബൈയിൽ ദാരുണാന്ത്യം. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ കെ.ജി വണ്‍ വിദ്യാര്‍ഥിനി നയോമി ജോബിനാണ് മരിച്ചത്.
വെള്ളിയാഴ്ച ദുബൈ വിമാനത്താവളത്തില്‍നിന്ന് ഷാർജയിലെ താമസസ്ഥലത്തേക്ക് വരുന്നവഴി റാശിദിയയില്‍ വാഹനത്തിന്‍റെ ടയര്‍ പൊട്ടിത്തെറിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ദുബൈ പൊലീസ് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ദുബൈ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ജീവനക്കാരനായ പത്തനംതിട്ട അടൂര്‍ മണക്കാല സ്വദേശി ജോബിന്‍ ബാബു വര്‍ഗീസിന്‍റെയും സോബിന്‍ ജോബിന്‍റെയും മകളാണ്.
നയോമിയുടെ ഇരട്ടസഹോദരന്‍ നീതിന്‍ ജോബിനും ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. മറ്റൊരു സഹോദരി: നോവ ജോയ്. ഷാര്‍ജ ഷാരോണ്‍ ഫെല്ലോഷിപ് സഭാംഗമാണ് ജോബിന്‍ ബാബു വര്‍ഗീസ്. ഷാര്‍ജയിലാണ് കുടുംബം താമസിക്കുന്നത്.

