ഷാർജയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; 5 മരണം, 44 പേർക്ക് പരിക്ക്
text_fieldsഷാർജ: എമിറേറ്റിലെ അൽനഹ്ദയിലുണ്ടായ തീപിടിത്തത്തിൽ 5 പേർ മരിച്ചെന്ന് ഷാർജ പൊലീസ്. സംഭവത്തിൽ 44 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. മരിച്ചവരുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. വ്യാഴാഴ്ച്ച രാത്രിയാണ് താമസസമുച്ചയത്തിൽ തീപിടിത്തമുണ്ടായത്.
രാത്രി 10.50ഓടെയാണ് 39നില കെട്ടിടത്തിന്‍റെ മുകൾ ഭാഗത്ത് തീപിടുത്തം ശ്രദ്ധയിൽപെട്ടത്. ഉടൻ താമസക്കാരെ കെട്ടിടത്തിൽ നിന്ന് ഒഴിപ്പിക്കുകയും അതിവേഗമെത്തിയ രക്ഷാപ്രവർത്തകർ തീയണക്കാനുളള നടപടി സ്വീകരിക്കുകയും ചെയ്തു.
ഷാർജ സിവിൽ ഡിഫൻസ് വിപുലമായ സജ്ജീകരണങ്ങളോടെയാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്. സാരമായി പരിക്കേറ്റ 17 പേർ ചികിത്സയിലാണ്. 27 പേർക്ക് നിസാരപരിക്കാണുള്ളത്.
സംഭവത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് ജനറൽ സൈഫ് അൽ സാരി അൽ ശംസി അനുശോചനമറിയിച്ചു. കെട്ടിടത്തിലുണ്ടായിരുന്ന 156 വ്യത്യസ്ത രാജ്യക്കാരായ ആളുകളെ എമിറേറ്റ്സ് റെഡ് ക്രസൻറിന്‍റെ സഹായത്തോടെ സുരക്ഷിതമായി ഹോട്ടലുകളിലേക്ക് മാറ്റിയതായും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

