അജ്മാനിലെ ഫ്ലാറ്റ് സമുച്ചയത്തിൽ തീപിടിത്തം
text_fieldsഅജ്മാന്‍: അജ്മാനിൽ വീണ്ടും തീപിടിത്തം. അജ്മാന്‍ മിന റോഡിലെ 25 നിലകളുള്ള പേള്‍ ടവറിലാണ് വെള്ളിയാഴ്ച ഉച്ചയോടെ തീപിടുത്തമുണ്ടായത്. ഫ്ലാറ്റ് സമുച്ചയത്തിലെ ബി 5 കെട്ടിടത്തിനാണ് തീപിടിച്ചത്. മലയാളികളടക്കം നൂറുകണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടമാണിത്.
പത്ത് കെട്ടിടങ്ങള്‍ അടങ്ങുന്ന സമുച്ചയത്തിലെ ഏറ്റവും വലിയ കെട്ടിടമാണ് ബി.5. ഉച്ചക്ക് ജുമുഅക്ക് പോയ സമയത്താണ് കെട്ടിടത്തിന് തീപിടിച്ചതെന്ന് സമീപ കെട്ടിടത്തില്‍ കുടുംബവുമായി താമസിക്കുന്ന കണ്ണൂര്‍ ഫഹദ് പറഞ്ഞു. പൊലീസും സിവില്‍ ഡിഫന്‍സും എത്തി ആളുകളെ വേഗത്തിൽ ഒഴിപ്പിച്ചത് വലിയ ദുരന്തം ഒഴിവാക്കി.
അന്തരീക്ഷത്തില്‍ പുക കാരണം ചിലര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ആളപായമോ മറ്റോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വെള്ളിയാഴ്ച പുലർച്ചെ 3.30ന് അജ്മാൻ വ്യവസായ മേഖലയിലും തീപിടിച്ചിരുന്നു. ഓയിൽ ഫാക്ടറിയിൽനിന്നാണ് തീ പടർന്നത്. സമീപത്തെ താമസയിടങ്ങളും പ്രിന്റിങ് പ്രസും വെയർഹൗസുകളും ചാമ്പലായി. നിർത്തിയിട്ടിരുന്ന പന്ത്രണ്ടിലേറെ കാറുകളും കത്തിനശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

