അബൂദബിയിൽ വാഹനം ഓഫാക്കാതെ പോകുന്നവർക്ക് 500 ദിർഹം പിഴ
text_fieldsഅബൂദബി: ഷോപ്പിങ്ങിനായി കയറുമ്പോഴും പെട്രോള്‍ പമ്പുകള്‍, എ.ടി.എമ്മുകള്‍, പ്രാര്‍ഥനാ സ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തുമ്പോള്‍ എന്‍ജിന്‍ ഓഫാക്കാതെ പോകരുതെന്ന് ഡ്രൈവര്‍മാര്‍ക്ക് അബൂദബി പൊലീസിന്റെ മുന്നറിയിപ്പ്. വാഹനം സ്റ്റാര്‍ട്ടാക്കി ഇട്ടിട്ടുപോകുന്നത് കവര്‍ച്ചക്കും വാഹനം കത്തിപ്പിടിക്കുന്നത് ഉള്‍പ്പെടെയുള്ള സുരക്ഷാ ഭീഷണികള്‍ക്കും ഇടയാക്കുമെന്ന് ട്രാഫിക് ആന്‍ഡ് സെക്യൂരിറ്റി പട്രോള്‍സ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
കുറഞ്ഞ സമയത്തേക്കാണെങ്കില്‍ പോലും വാഹനം നിര്‍ത്തിയിറങ്ങുമ്പോള്‍ എന്‍ജിന്‍ ഓഫാക്കി താക്കോല്‍ കൈവശം വെക്കണം. കുഞ്ഞുങ്ങളെയും കുട്ടികളെയും എന്‍ജിന്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളില്‍ തനിച്ചാക്കി പോകുന്നത് ഗുരുതര അപകടങ്ങള്‍ക്ക് കാരണമാകും. എന്‍ജിന്‍ ഓഫാക്കാതെ വാഹനങ്ങള്‍ ഇട്ടിട്ടുപോകുന്ന പ്രവണത ചില ഡ്രൈവര്‍മാര്‍ക്കുണ്ട്. ഇത് മോഷണത്തിന് അവസരമൊരുക്കുന്നതിനൊപ്പം സാങ്കേതിക തകരാറുകള്‍ക്കും തീപിടിത്തങ്ങള്‍ക്കും വഴിവെക്കുമെന്നും പൊലീസ് പറഞ്ഞു.
യു.എ.ഇ. ട്രാഫിക് നിയമപ്രകാരം വാഹനം ഓഫാക്കാതെ ഇട്ടിട്ടുപോകുന്നത് നിരോധിച്ചിട്ടുള്ളതാണ്. ഫെഡറല്‍ ട്രാഫിക് നിയമപ്രകാരം ട്രാഫിക് നിര്‍ദേശങ്ങളും അടയാളങ്ങളും പാലിക്കാത്ത ഇത്തരം നിയമലംഘനങ്ങള്‍ക്ക് 500 ദിര്‍ഹം പിഴ ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

