അപകടം വരുത്തി മുങ്ങിയാൽ 20,000 ദിർഹം പിഴ
text_fieldsഅബൂദബി: വാഹനാപകടമുണ്ടാക്കിയ ശേഷം സംഭവസ്ഥലത്തുനിന്ന് കടന്നുകളയുന്ന ഡ്രൈവർമാർക്ക് കുറഞ്ഞത് 20000 ദിർഹം പിഴ ചുമത്തുമെന്ന് യു.എ.ഇ പബ്ലിക്ക് പ്രോസിക്യൂഷന്‍റെ മുന്നറിയിപ്പ്. പിഴക്കുപുറമെ തടവുശിക്ഷയും ഇത്തരക്കാർക്കു ലഭിച്ചേക്കുമെന്നും അറിയിപ്പിൽ പറയുന്നു. അപകടത്തിനു ശേഷം അനിവാര്യമായ കാരണമില്ലാതെ സംഭവസ്ഥലത്തുനിന്ന് പോകാൻ പാടില്ല. അപകടത്തിൽ ആർക്കും പരിക്കില്ലെങ്കിലും അധികൃതർ വരുന്നതിനുമുമ്പ് കടന്നുകളയുന്ന ഡ്രൈവർമാർക്കെതിരെ പിഴ ചുമത്തും. അപകടം ഏതുതരത്തിലാണെങ്കിലും ബന്ധപ്പെട്ട ട്രാഫിക് ഉദ്യോഗസ്ഥരെത്തി നടപടികൾ പൂർത്തിയാക്കുന്നതുവരെ ഡ്രൈവർമാർ കാത്തുനിൽക്കണം -പബ്ലിക്ക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
യു.എ.ഇയിലെ വാഹന യാത്രികരില്‍ 80 ശതമാനം വൈകിയാണ് യാത്രയാരംഭിക്കുന്നതെന്നും ഇതാണ് അശ്രദ്ധമായ ഡ്രൈവിങ്ങിനും വാഹനാപകടങ്ങള്‍ക്കും കാരണമാവുന്നതെന്നും പഠനങ്ങളുടെ അടിസ്ഥാനത്തിൽ അധികൃതർ വ്യക്തമാക്കിയിരുന്നു. ലക്ഷ്യസ്ഥാനത്തെത്താന്‍ അമിത വേഗത്തില്‍ വാഹനമോടിക്കുന്നതാണ് അപകടങ്ങള്‍ക്കു കാരണമാവുന്നതെന്നാണ് പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഇത്തരം യാത്രക്കാരില്‍ അമ്പതുശതമാനവും റോഡിലെ മറ്റുവാഹനങ്ങളെ പരിഗണിക്കാറില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. മറ്റു വാഹനങ്ങളിൽ നിന്ന് മതിയായ അകലം പാലിക്കണമെന്നും അമിത വേഗതയിൽ വാഹനമോടിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും അബൂദബി പൊലീസ് കാമ്പയിനുകളിലൂടെ നിരന്തരം ഓർമപ്പെടുത്തുന്നുണ്ട്.
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെതിരെയും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉയർന്ന വേഗത്തിൽ പോവുന്ന വാഹനം ബ്രേക്കിട്ട് നിർത്തുന്നതിന് സമയം കൂടുതലായിരിക്കും. വാഹനം നിർത്താൻ കൂടുതൽ സമയം ആവശ്യമായി വരുന്നതിനാൽ അപകടമുണ്ടായാൽ ഇടിയുടെ ആഘാതം വർധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. നിർദിഷ്ട വേഗപരിധി നിശ്ചയിച്ച 10 കിലോമീറ്ററിൽ കൂടിയാൽ ഡ്രൈവർക്ക് 400 ദിർഹം പിഴയും 80 കിലോമീറ്റർ വേഗം ലംഘിച്ചാൽ 3000 ദിർഹവും ലൈസൻസിൽ 23 ബ്ലാക്ക് പോയന്റ് ചുമത്തുകയും വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

