ഓണമാമാങ്കത്തിന് വർണാഭമായ സമാപനം
text_fieldsകോൺഫിഡന്റ് ഗ്രൂപ് ചെയർമാൻ സി.ജെ. റോയ് വയനാട് ദുരിതബാധിതകർക്കുള്ള അഞ്ച് വീടുകൾ ഓണമാമാങ്ക വേദിയിൽ പ്രഖ്യാപിക്കുന്നു
ദുബൈ: ഇക്വിറ്റി പ്ലസ് അഡ്വർടൈസിങ് ഒരുക്കിയ ഓണമാമാങ്കത്തിന് പ്രൗഢമായ സമാപനം. റെക്കോഡ് ജനക്കൂട്ടമാണ് ടിക്കറ്റെടുത്ത് മെഗാ ഇവന്റിനായി ഷാർജ എക്സ്പോ സെന്ററിലേക്ക് ഒഴുകിയെത്തിയത്. രാവിലെ 11ന് മെഗാ ഓണസദ്യക്ക് തുടക്കമായി. 10,000 പേരാണ് കാലിക്കറ്റ് നോട്ട് ബുക്ക് റസ്റ്റാറന്റ് ഒരുക്കിയ മെഗാ ഓണസദ്യ ആസ്വദിച്ചത്.
ടൊവീനോക്കൊപ്പം ഡാബ്സിയും വിധു പ്രതാപും ജോസ്നയും ജാസി ഗിഫ്റ്റുമടങ്ങുന്ന താരങ്ങളും സദ്യ ആസ്വദിക്കാനുണ്ടായിരുന്നു. 50 സിനിമകൾ പൂർത്തിയാക്കിയ ടൊവീനോക്ക് ഡാൻസ് മാഷപ്പിലൂടെയും പ്രത്യേക വിഡിയോ പ്രദർശനത്തിലൂടെയും ഓണമാമാങ്ക വേദി ആദരമർപ്പിച്ചു.
അർധരാത്രി വരെ നീണ്ട യു.എ.ഇ ഇതുവരെ കാണാത്ത ആവേശം നിറഞ്ഞ ലൈവ് മ്യൂസിക് ഷോയാണ് ഡാബ്സി കാഴ്ചവെച്ചത്. കൂടാതെ മിമിക്രി താരം സിദ്ദീഖ് റോഷനും ആഘോഷമേളത്തെ സംഗീത താളത്തിൽ ചേർത്തുനിർത്താൻ ഡി.ജെ ജാസിയുമുണ്ടായിരുന്നു.
ഇത്തവണയും ഓണ മാമാങ്കം ഇവന്റിനെ വൻ വിജയമാക്കി മാറ്റിയ പ്രവാസികൾക്കും ഇവന്റ് സ്പോൺസർമാർക്കും പിന്തുണച്ച മീഡിയകൾക്കുമെല്ലാം നന്ദി അറിയിക്കുന്നതായി ഇക്വിറ്റി പ്ലസ് അഡ്വർടൈസിങ് മാനേജിങ് ഡയറക്ടർ ജൂബി കുരുവിള പറഞ്ഞു. ഓണ മാമാങ്കം വേദിയിൽ വയനാട് ദുരന്ത ഇരകൾക്ക് അഞ്ച് വീടുകളും പ്രഖ്യാപിച്ചു.
മുഖ്യാതിഥിയായിരുന്ന കോൺഫിഡന്റ് ഗ്രൂപ് ചെയർമാൻ സി.ജെ റോയ് ആണ് വേദിയിൽ വയനാടിനുള്ള കൈത്താങ്ങായി അഞ്ചു വീടുകൾ ഓണമാമാങ്കത്തിനായി നൽകുമെന്ന് അറിയിച്ചത്.
വീടുകൾ കോൺഫിഡന്റ് ഗ്രൂപ്പും ഇക്വിറ്റി പ്ലസ് അഡ്വർടൈസിങ്ങും ഹിറ്റ് എഫ്.എമ്മും ചേർന്ന് ദുരന്തബാധിതരിൽ അർഹരായവരെ കണ്ടെത്തി നിർമിച്ച് സംസ്ഥാന സർക്കാറിന് കൈമാറുമെന്ന് സി.ജെ. റോയ് അറിയിച്ചതായി ഇക്വിറ്റി പ്ലസ് അഡ്വർടൈസിങ് മാനേജിങ് ഡയറക്ടർ ജൂബി കുരുവിള പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

