ദേശീയദിനത്തിലൊരു ജന്മദിനം; ഇത് മലയാളികളുടെ ‘യു.എ.ഇ ബോയ്’
text_fieldsകുടുംബത്തിനൊപ്പം ഷമീം യൂസുഫ്
ദുബൈ: യു.എ.ഇ ഓരോ ദേശീയദിനവും വർണാഭമായി ആഘോഷിക്കുമ്പോൾ മലയാളിയായ ഷമീം യൂസുഫിനെ സംബന്ധിച്ച് തന്റെ ജന്മദിനത്തിന്റെ മധുരമുള്ള ഓർമപുതുക്കൽ കൂടിയാണ്.
ബ്രിട്ടന്റെ ട്രൂഷ്യൽ സ്റ്റേറ്റുകളായിരുന്ന ഏഴ് എമിറേറ്റുകൾ ചേർന്ന് 1971 ഡിസംബർ രണ്ടിന് യുനൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ) രൂപവത്കരിച്ച ദിവസമായിരുന്നു മലപ്പുറം തിരൂർ തെക്കുംമുറി സ്വദേശിയായ ഷമീം യൂസുഫ് കളരിക്കലിന്റെയും ജനനം. ഡിസംബർ രണ്ടിന് ഉച്ചക്ക് 12ഓടെ ദുബൈയിലെ ആൽ മക്തൂം ആശുപത്രിയിലാണ് മെക്ഡോർ മോട്ട് എന്ന ബ്രിട്ടീഷ് ഓയിൽ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്ന കളരിക്കൽ അബ്ദുറഹ്മാൻ യൂസുഫിന്റെയും സഹീദ യൂസുഫിന്റെയും മൂത്ത മകനായി ഷമീം യൂസുഫ് ഭൂജാതനാകുന്നത്.
ഷമീം യൂസുഫ് മാതാപിതാക്കൾക്കൊപ്പം (ഫയൽ ചിത്രം)
വികസനത്തിലും സഹിഷ്ണുതയിലും സഹവർത്തിത്വത്തിലും ലോകത്തിന് തന്നെ മാതൃകയായി നിലകൊള്ളുന്ന യു.എ.ഇയുടെ പിറവിദിനത്തിൽ ജനിക്കാനായതിലുള്ള സന്തോഷം പങ്കുവെക്കുകയാണ് ഷമീം യൂസുഫ്. ദുബൈയിലെ അവർ ഓൺ ഇംഗ്ലീഷ് സ്കൂളിലായിരുന്ന പ്രാഥമിക വിദ്യാഭ്യാസം. അലീഗഢ് സർവകലാശാലയിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ അദ്ദേഹം റീജൻസി ഗ്രൂപ്പിന് കീഴിലുള്ള ദുബൈ അൽ നഹ്ദ സെന്ററിൽ ജനറൽ മാനേജറായി പ്രവർത്തിക്കുകയാണ്. മലേഷ്യയിൽ വേരുകളുള്ള തിരൂർ കൂട്ടായി സ്വദേശിനി സൈനബ് ആണ് ഭാര്യ.
മലയാളിയായ ഷമീമിന്റെ ജനനം ദുബൈയിൽ ആയിരുന്നെങ്കിൽ അദ്ദേഹത്തിന്റെ മക്കളായ ഫിസ സുലൈഖ, സായിദ് റഹ്മാൻ, മുഹമ്മദ് ഹംദാൻ എന്നിവർ ജനിച്ചത് മലേഷ്യയിലാണെന്ന പ്രത്യേകതയുമുണ്ട്. ജന്മദിന സന്ദേശങ്ങളിൽ ‘യു.എ.ഇ ബോയ്’ എന്നാണ് സുഹൃത്തുക്കൾ അദ്ദേഹത്തെ സ്നേഹത്തോടെ വിളിക്കാറ്. വംശീയപരമായി ഇന്ത്യക്കാരൻ ആണെങ്കിലും ജന്മനാടായ യു.എ.ഇയോടുള്ള ആത്മബന്ധം അത്രമേൽ ഹൃദയത്തിൽ സൂക്ഷിക്കുന്നുണ്ടിദ്ദേഹം.
അതുകൊണ്ടുതന്നെ യു.എ.ഇയുടെ അതിവേഗമുള്ള വളർച്ചയിൽ അഭിമാനമുണ്ടെന്നും താൻ എന്നും അത്ഭുതത്തോടെ നോക്കിക്കാണുന്ന രാജ്യമാണിതെന്നും ഷമീം പറയുന്നു. സാംസ്കാരിക മേഖലകളിൽ സജീമായ ഇദ്ദേഹം രണ്ട് പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്. യു.എ.ഇയുടെ ചരിത്രവും സംസ്കാരവുമൊക്ക വിവരിക്കുന്ന ‘വൈ സ്കൈ ഈസ് നോട്ട് ദി ലിമിറ്റ്’ എന്ന ഇംഗ്ലീഷ് പുസ്തകവും വീരചക്ര എന്ന മലയാള നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

