യു.എ.ഇയുടെ സാമ്പത്തിക വളർച്ചയിൽ വൻ മുന്നേറ്റം
text_fieldsദുബൈ: മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജി.ഡി.പി) 2011നുശേഷം ഏറ്റവും വലിയ മുന്നേറ്റം രേഖപ്പെടുത്തിയത് ഈ വർഷം. 'മജിദ് അൽ ഫുത്തൈം' പുറത്തിറക്കിയ ത്രൈമാസ സാമ്പത്തിക റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
ഓക്സ്ഫഡ് ഇക്കണോമിക്സിന്റെ പ്രവചനമനുസരിച്ച് യു.എ.ഇയുടെ വളർച്ച ഈ വർഷം 6.8 ശതമാനമാണ്. കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ വളർച്ചയായ 3.8 ശതമാനത്തിൽനിന്ന് ഗണ്യമായ വർധനവാണിത്. ഈ വർഷം മൂന്നാം പാദത്തിൽ ക്രൂഡോയിൽ വില ബാരലിന് 100 ഡോളറിൽ എത്തിയത് ജി.ഡി.പിയിൽ 13.4 ശതമാനം വർധനവുണ്ടാക്കിയെന്ന് ത്രൈമാസ സാമ്പത്തിക റിപ്പോർട്ടിൽ പറയുന്നു. ഡിജിറ്റൽ, ക്രിയേറ്റിവ് വ്യവസായ മേഖലകളിൽ ശക്തമായ ശ്രദ്ധ കേന്ദ്രീകരിച്ച് നിക്ഷേപക-സൗഹൃദാന്തരീക്ഷം സൃഷ്ടിച്ച നീക്കങ്ങളിലൂടെ എണ്ണയിതര സമ്പദ്വ്യവസ്ഥയിലും ശക്തമായ വളർച്ച പ്രകടമായിട്ടുണ്ട്.
ഇ-കോമേഴ്സിന്റെ കുത്തനെയുള്ള ഉയർച്ച തുടരുകയും ചെയ്യുന്നതായി റിപ്പോർട്ട് പറയുന്നു. ഈ വർഷം ഇ-കോമേഴ്സ് വിൽപന 22 ശതമാനം വർധിക്കുമെന്നും 2026ഓടെ ഈ വിപണി 9.2 ശതകോടി ഡോളറിലെത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. മൊത്തം റീട്ടെയിൽ സമ്പദ്വ്യവസ്ഥയുടെ 11 ശതമാനം ഇ-കോമേഴ്സ് വഴിയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കോവിഡ് നിയന്ത്രണങ്ങൾ നീക്കുകയുംകൂടി ചെയ്തതോടെ യു.എ.ഇ ഈ വർഷം നാലാം പാദത്തിൽ ശക്തമായ മുന്നേറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷയുള്ളതായി മാജിദ് അൽ ഫുത്തൈം ഹോൾഡിങ് സി.ഇ.ഒ അലൈൻ ബെജ്ജാനി പറഞ്ഞു.
യാത്ര, വിനോദസഞ്ചാര മേഖലകളിൽ മഹാമാരിയുടെ മുമ്പത്തെ സാഹചര്യത്തിലേക്ക് നിലവിൽ എത്തിച്ചേർന്നിട്ടുണ്ട്.
മുൻവർഷത്തെ അപേക്ഷിച്ച് ജനുവരി മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ അന്താരാഷ്ട്ര സന്ദർശകരുടെ എണ്ണം ദുബൈയിൽ 182 ശതമാനം വർധനയുണ്ടായിട്ടുണ്ട്. യു.എ.ഇ റിയൽ എസ്റ്റേറ്റ് വിപണിയിൽ ബിസിനസ് കുതിച്ചുയരുന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

