ദുബൈ ക്രീക്ക് തീരം പുതുമോടിയിൽ 11.2കോടി ദിർഹമിന്റെ പദ്ധതി പൂർത്തിയായി
text_fieldsദുബൈ: നഗരത്തിലെ വാണിജ്യ, ഗതാഗത രംഗത്ത് സുപ്രധാനമായ ക്രീക്കിന്റെ ദേര ഭാഗത്തെ തീര വികസന പ്രവർത്തനങ്ങൾ പൂർത്തിയായതായി ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു. ക്രീക്കിന്റെ ദേര ഭാഗത്തുള്ള രണ്ട് കി.മീറ്റർ നീളത്തിലുള്ള നിർമാണ പ്രവർത്തനങ്ങളാണ് പൂർത്തിയായത്.
മൊത്തം 11.2 കോടി ദിർഹം ചെലവിട്ട പദ്ധതിയിലൂടെ തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുക, പ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്തുക, ചരിത്രപരമായ ജലപാതയുടെ വാണിജ്യ, ടൂറിസം ആകർഷണം ശക്തിപ്പെടുത്തുക എന്നിവയാണ് ലക്ഷ്യമിട്ടത്. ദുബൈ സാമ്പത്തിക അജണ്ട ‘ഡി33’നെ പിന്തുണക്കുന്നതിനൊപ്പം, എമിറേറ്റിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര ഇടനാഴികളിലൊന്നായ ദുബൈ ക്രീക്കിന്റെ പൈതൃകം സംരക്ഷിക്കാനുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ വികസന പദ്ധതി നടപ്പാക്കിയത്.
തുറമുഖത്തിന്റെ ഉപരിതല നിരപ്പ് ഉയർത്തിയതും സംരക്ഷണ ഭിത്തിയുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തിയതും വ്യാപാര പ്രവർത്തനങ്ങളെ സഹായിക്കുന്നതിനൊപ്പം, കപ്പലുകളുടെ സുരക്ഷിതവും കാര്യക്ഷമവുമായ രീതിയിൽ നങ്കൂരമിടൽ ഉറപ്പാക്കുകയും ചെയ്യും.
സംരക്ഷണഭിത്തിയുടെ ഉയരം 8.3 മീറ്ററായി ഉയർത്തുക, 200 നങ്കൂരങ്ങളും 500 കപ്പൽ ബെർത്തുകളും സജ്ജമാക്കുക എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. ഈ നവീകരണങ്ങൾ സമുദ്ര നാവിഗേഷൻ സുരക്ഷ വർധിപ്പിക്കുകയും വാണിജ്യ, ടൂറിസവുമായി ബന്ധപ്പെട്ട വിവിധ സമുദ്ര പ്രവർത്തനങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.
ദുബൈ ക്രീക്ക് വാർഫിന്റെ വികസനം എമിറേറ്റിന്റെ നേതൃത്വത്തിന്റെ കാഴ്ചപ്പാടിനെയും ദുബൈ സാമ്പത്തിക അജണ്ട ഡി33 ന്റെ ലക്ഷ്യങ്ങളെയും പിന്തുണക്കുന്ന തന്ത്രപരമായ അടിസ്ഥാന സൗകര്യ വികസന നാഴികക്കല്ലാണെന്ന് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ മർവാൻ അഹമ്മദ് ബിൻ ഗാലിത്ത പറഞ്ഞു.
പദ്ധതിയിൽ തടസ്സമില്ലാത്ത സമുദ്ര ഗതാഗതം ഉറപ്പാക്കുന്ന സമഗ്രമായ നവീകരണങ്ങൾ നടപ്പാക്കിയിട്ടുണ്ട്. 2.3 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ബർദുബൈ ഭാഗത്തെ വികസനം ഇതിനകംതന്നെ പുരോഗമിക്കുകയാണ്. പൂർത്തിയാകുമ്പോൾ, ക്രീക്കിന്റെ ഇരുവശത്തുമുള്ള സമുദ്ര നാവിഗേഷന് മെച്ചപ്പെട്ട സുരക്ഷയും കാര്യക്ഷമതയും കൈവരും -അദ്ദേഹം കൂട്ടിച്ചേർത്തു. ജലപ്രവാഹം മെച്ചപ്പെടുത്തുന്നതിനായി ക്രീക്കിന്റെ അടിഭാഗം 17,500 ക്യുബിക് മീറ്റർ ഡ്രഡ്ജ് ചെയ്തിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

