ഷാർജയിൽ 9.5 കിലോമീറ്റർ റോഡ് നിർമാണം പൂർത്തിയായി
text_fieldsസജ വ്യവസായ മേഖലയിൽ എസ്.ആർ.ടി.എ നിർമിച്ച പുതിയ റോഡ്
ഷാർജ: എമിറേറ്റിലെ സജ വ്യവസായ മേഖലയിൽ 9.5 കിലോമീറ്റർ നീളത്തിൽ റോഡ് നിർമാണം ഉൾപ്പെടെ അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികൾ പൂർത്തീകരിച്ചതായി ഷാർജ റോഡ് ഗതാഗത അതോറിറ്റി (എസ്.ആർ.ടി.എ) അറിയിച്ചു. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ നിശ്ചയിച്ച സമയത്തിനകംതന്നെ വികസന പ്രവൃത്തികൾ പൂർത്തീകരിക്കാനായതായി എസ്.ആർ.ടി.എ ചെയർമാൻ എൻജീനിയർ യൂസുഫ് ഖാമിസ് അൽ ഉത്മാനി പറഞ്ഞു.
രണ്ട് റോഡുകളുടെ നിർമാണമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. അൽ ദൈദ് റോഡിലെ ഇന്റർസെക്ഷൻ നമ്പർ എട്ടിൽനിന്ന് സജ ഇൻഡസ്ട്രിയൽ ഏരിയയിലേക്കാണ് പുതിയ ഒരു റോഡ് നിർമിച്ചത്. 2.2 കിലോമീറ്റർ നീളത്തിലും 7.4 മീറ്റർ വീതിയിലുമായി രണ്ട് ലൈനുകളാണ് ഈ റോഡിൽ പൂർത്തീകരിച്ചത്. ഇരു റോഡുകൾക്കുമിടയിൽ 12 മീറ്റർ വീതിയിൽ മീഡിയനും നിർമിച്ചിട്ടുണ്ട്.
കൂടാതെ കാൽനടക്കാരുടെ സുരക്ഷ മുൻനിർത്തി സിഗ്നലുകളോടുകൂടിയ നാല് സീബ്ര ലൈനുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രധാന റൗണ്ട് എബൗട്ടിൽ ആറ് ചെറു പാതകളും രണ്ട് യു ടേണുകളും ഉൾപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. പുതിയ റോഡുകൾ വരുന്നതോടെ സജ ഇൻഡസ്ട്രിയൽ ഏരിയയിൽ ട്രക്കുകളുടെയും വാണിജ്യ വാഹനങ്ങളുടെയും അടക്കം ഗതാഗത ഒഴുക്ക് കൂടുതൽ സുഗമമാകും.
റോഡിന്റെ രണ്ട് സൈഡിലും ആറ് ബസ് സ്റ്റോപ്പുകളുടെ നിർമാണവും പൂർത്തിയായിട്ടുണ്ട്. കൂടാതെ പള്ളിയുടെ സമീപത്തായി 144 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് എസ്.ആർ.ടി.എ അറിയിച്ചു.സജ ഇൻഡസ്ട്രിയൽ ഏരിയയുടെ ഹൃദയഭാഗത്തായി ശേഷിക്കുന്ന ഭാഗത്ത് ഓരോ ദിശയിലും രണ്ട് പാതകളുള്ള സിംഗ്ൾ കാരേജ്വേകളാണ് നിർമിച്ചത്.
3.8 കിലോമീറ്റർ നീളമുള്ള ഈ റോഡിൽ അസ്ഫാൽറ്റ് ഷോൾഡറുകൾ, വാഹനങ്ങൾക്കുള്ള സംരക്ഷണ വേലി, ലൈറ്റിങ് തൂണുകൾക്കുള്ള അടിത്തറ എന്നിവ ഉൾപ്പെടുന്നു. ഇത് കൂടാതെ രണ്ട് ദിശയിലേക്കും രണ്ട് ലൈനുകളുള്ള 7.3 മീറ്റർ വീതിയിൽ 3.5 കിലോമീറ്റർ റോഡിന്റെ നിർമാണവും പൂർത്തിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

