93ാമത് ശിവഗിരി തീർഥാടനം സമാപിച്ചു
text_fieldsഎസ്.എൻ.ഡി.പി യോഗം യു.എ.ഇയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 16ാമത് ശിവഗിരി തീർഥാടനം ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യുന്നു
അജ്മാൻ: എസ്.എൻ.ഡി.പി യോഗം യു.എ.ഇയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 16ാമത് ശിവഗിരി തീർഥാടനം അജ്മാൻ കൾച്ചറൽ സെന്ററിൽ നടന്നു. തീർഥാടന സമ്മേളനം ബി.ജെ.പി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ജനറൽ കൺവീനർ സിജു മംഗലശ്ശേരി ആമുഖ പ്രസംഗം നടത്തി. എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പ്രവർത്തകർ ആദരമർപ്പിച്ചു. നിർധനരായ കുടുംബങ്ങൾക്ക് വീട് വെച്ചുനൽകാനുള്ള പദ്ധതിയുടെ ആദ്യ ഗഡു ദുബൈ യൂനിയൻ ഡയറക്ടർ ബോർഡ് അംഗം നിസ്സാൻ ശശിധരൻ, അഡ്വ. സിനിൽ മുണ്ടപ്പള്ളിക്ക് കൈമാറി. സംഘാടക സമിതി ചെയർമാൻ ബി. ജയപ്രകാശ് അധ്യക്ഷനായ യോഗത്തിൽ യോഗം യു.എ.ഇ കോഓഡിനേറ്റർ അഡ്വ. സിനിൽ മുണ്ടപ്പള്ളി സംഘടനാ സന്ദേശം നൽകി. ഇന്ത്യൻ കൗൺസിലേറ്റിലെ ലേബർ കമ്യൂണിറ്റി വെൽഫയർ കൗൺസിൽ പബിത്ര മജുംദാർ മുഖ്യ പ്രഭാഷണം നടത്തി. ഉബൈദ് അൽ ഷംസി, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസ്സാർ തളങ്കര, സെക്രട്ടറി ശ്രീപ്രകാശ്, ഐ.പി.എഫ് വൈസ് പ്രസിഡന്റ് ശിൽപ നായർ, സാമൂഹിക പ്രവർത്തകൻ സലാം പാപ്പിനിശ്ശേരി, സംഘാടക സമിതി വൈസ് ചെയർമാൻ സാജൻ സത്യ, ട്രഷറർ ജെ.ആർ.സി. ബാബു തുടങ്ങിയവർ ആശംസകൾ അറിയിച്ചു. കേന്ദ്ര സർക്കാർ, യു.എ.ഇയുടെ ഇന്റർനാഷണൽ ട്രേഡ് ചാൻസലറായി നിയമിച്ച ബി. ജയപ്രകാശിനെ രാജീവ് ചന്ദ്രശേഖർ കീർത്തി ഫലകം നൽകി ആദരിച്ചു. ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ എസ്. സോമനാഥ് സാറ്റലൈറ്റ് ടെക്നോളജിയെക്കുറിച്ച് ഓൺലൈൻ പ്രഭാഷണം നടത്തി. സംഘാടക സമിതി സെക്രട്ടറി ശ്രീധരൻ പ്രസാദ് സ്വാഗതവും വൈസ് ചെയർമാൻ സുരേഷ് തിരുകുളം നന്ദിയും രേഖപ്പെടുത്തി. അനുഗ്രഹ പ്രഭാഷണം ശ്രീമത് ശിവ സ്വരൂപാനന്ദ സ്വാമികൾ നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

