വീടിനുള്ളിൽ പടർന്ന തീ അണച്ച ഒമ്പതുവയസ്സുകാരന് ആദരം
text_fieldsറശീദ് അബ്ദുല്ല
അജ്മാൻ: അജ്മാനിൽ വീടിനുള്ളിൽ പടർന്നുപിടിച്ച തീ അതിവേഗം അണയ്ക്കാൻ സഹായിച്ച ഒമ്പതുവയസ്സുകാരന് ആദരം. വീടിന് വൻ നാശനഷ്ടങ്ങൾ സംഭവിക്കുന്നത് തടയാൻ കാണിച്ച മനസ്സാന്നിധ്യവും ധൈര്യവും മുൻനിർത്തി അജ്മാൻ സിവിൽ ഡിഫൻസാണ് റശീദ് അബ്ദുല്ല അൽ ഹൊസനി എന്ന കുട്ടിയെ ആദരിച്ചത്.
വീട്ടിൽ തീപിടിത്തമുണ്ടായ ഉടൻ തന്നെ റശീദ് ഒട്ടും സമയം കളയാതെ ഇടപെടുകയായിരുന്നു. ഒരു പുതപ്പ് വെള്ളത്തിൽ കുതിർത്ത്, മുത്തശ്ശിയുടെ സഹായത്തോടെ തീയ്ക്ക് മുകളിലിട്ടാണ് ഇരുവരും ചേർന്ന് നിയന്ത്രണവിധേയമാക്കിയത്. കുട്ടി കൃത്യസമയത്ത് നടത്തിയ ബുദ്ധിപരമായ നീക്കമാണ് വൻ ദുരന്തം ഒഴിവാക്കിയത്.
മികച്ച പ്രവർത്തനത്തെ പ്രശംസിച്ച് സിവിൽ ഡിഫൻസ് ആസ്ഥാനത്തേക്ക് ക്ഷണിച്ച വരുത്തിയ റശീദിന് ഉപഹാരം നൽകി ആദരിച്ചു. തുടര്‍ന്ന്, അഗ്നിശമന വാഹനങ്ങളും ഉപകരണങ്ങളും നേരിട്ടുകാണാനും ഫയർഫൈറ്റർമാരുടെ പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കാനും കുട്ടിക്ക് അവസരമൊരുക്കി. സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർക്കൊപ്പം സുരക്ഷാ ബോധവൽക്കരണ ക്ലാസിലും റശീദ് പങ്കെടുത്തു.
സ്കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നൽകുന്ന അഗ്നിശമന സുരക്ഷാ പരിശീലനങ്ങൾ കുട്ടികളിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ടെന്നതിന് ഉദാഹരണമാണ് ഈ സംഭവമെന്ന് അധികൃതർ പറഞ്ഞു. എന്നാൽ, തീപിടിത്തമുണ്ടായാൽ കുട്ടികൾ സ്വയം അത് അണയ്ക്കാൻ ശ്രമിക്കരുതെന്നും, ഉടൻ മുതിർന്നവരെ വിവരമറിയിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറുകയാണ് വേണ്ടതെന്നും സിവിൽ ഡിഫൻസ് ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

