വഴിയോര കച്ചവടക്കാർക്കെതിരെ നടപടി കർശനമാക്കി
text_fieldsവഴിയോര കച്ചവടക്കാരിൽ നിന്ന് പിടിച്ചെടുത്ത പച്ചക്കറികൾ
ദുബൈ: റമദാനിൽ തെരുവ് കച്ചവടക്കാരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ നടപടികൾ ശക്തമാക്കി ദുബൈ പൊലീസ്. നോമ്പുകാലം തുടങ്ങിയതിനുശേഷം മാത്രം എമിറേറ്റിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിൽ 88 പേരെ അറസ്റ്റ് ചെയ്യുകയും നിരവധി വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. പഴം, പച്ചക്കറി വിഭവങ്ങൾ അനധികൃതമായി വിൽപന നടത്തുകയും പൊതു ആരോഗ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയും ചെയ്തതിനാണ് അറസ്റ്റ്.
നഗരത്തിൽ ഏറ്റവും സുരക്ഷിതമായ സാഹചര്യം ഉറപ്പുവരുത്തുന്നതിനാണ് നടപടികൾ സ്വീകരിക്കുന്നതെന്ന് ക്രിമിനൽ അന്വേഷണ വകുപ്പിലെ ഡയറക്ടർ കേണൽ അലി സലീം അൽ ശംസി പറഞ്ഞു.പ്രധാനമായും തൊഴിലാളികളും മറ്റും താമസിക്കുന്ന സ്ഥലങ്ങളിലാണ് കൂടുതലായി കാണപ്പെടുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു. വഴിയോര കച്ചവടക്കാരിൽനിന്ന് പഴം, പച്ചക്കറികൾ, ഭക്ഷണ സാധനങ്ങൾ എന്നിവ വാങ്ങുന്നത് അപകടകരമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ലൈസൻസുള്ള വ്യാപാരികളിൽനിന്ന് മാത്രം സാധനങ്ങൾ വാങ്ങണമെന്നും നിർദേശിച്ചിട്ടുണ്ട്. വഴിയോര കച്ചവടക്കാരെ സംബന്ധിച്ച് പൊതുജനങ്ങൾക്ക് അധികൃതരെ അറിയിക്കാമെന്നും ശക്തമായ നടപടി തുടരുമെന്നും പൊലീസ് പത്രക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

